Home അറിവ് ഇന്ധന നികുതി കൂടും!!: കോവിഡ് സെസ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇന്ധന നികുതി കൂടും!!: കോവിഡ് സെസ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി വിവരം. കോവിഡ് വാക്സിന്‍ ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന അധിക ചെലവ് പരിഹരിക്കാനാണ് സെസ് കേന്ദ്രം ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് കേന്ദ്രം ആലോചിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കോവിഡ് സെസ്, അല്ലെങ്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ബജറ്റിന് തൊട്ടുമുന്‍പ് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

വലിയ ചെലവാണ് വാക്സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകാനായി പോകുന്നത്. പല സംസ്ഥാനങ്ങളും ഇതിനോടകം വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കോവിഡ്് സെക്സ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു.

സമ്പദ്വ്യവസ്ഥ തളര്‍ച്ച നേരിടുകയാണ്. ഈ സമയത്ത് സെസ് ഏര്‍പ്പെടുത്തുന്നത് പ്രതികൂലമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉയര്‍ന്ന വരുമാനക്കാര്‍ക്കും ചില പരോക്ഷ നികുതികളിന്മേലും സെസ് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പരിഗണനാവിഷയങ്ങളില്‍ ഒന്ന്.