Home അറിവ് ആശങ്കയുടെ സ്വരം ഇനിയില്ല; ഫോണ്‍ ചെയ്യുമ്പോള്‍ പ്രതീക്ഷയുണര്‍ത്തുന്ന വാക്കുകളുമായി ബിഎസ്എന്‍എല്‍

ആശങ്കയുടെ സ്വരം ഇനിയില്ല; ഫോണ്‍ ചെയ്യുമ്പോള്‍ പ്രതീക്ഷയുണര്‍ത്തുന്ന വാക്കുകളുമായി ബിഎസ്എന്‍എല്‍

താണ്ട് ഒരു വര്‍ഷത്തോളമായി നമ്മള്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ കോവിഡ് ബോധവല്‍ക്കരണ സന്ദേശമാണ് ആദ്യം കേള്‍ക്കുന്നത്. എന്നാല്‍ കോവിഡിനെ ഓര്‍മിപ്പിച്ചുള്ള ആശങ്കപ്പെടുത്തുന്ന വാക്കുകള്‍ക്ക് വിട നല്‍കിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. കോവിഡ് വാക്‌സിന്റെ വരവോടെ പുതിയ സന്ദേശമാണ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘നമസ്‌കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്‌സീന്‍ എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്പോള്‍ ഇനി കേള്‍ക്കുക. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദേശം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പുതിയ സന്ദേശത്തിലെ ശബ്ദവും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നല്‍കിയത്. എന്നാല്‍, പിന്നീടു കേന്ദ്രനിര്‍ദേശ പ്രകാരം സന്ദേശം പരിഷ്‌കരിച്ചു മാറ്റി.

പുതിയ സന്ദേശവും കേന്ദ്ര നിര്‍ദേശം അനുസരിച്ചുള്ളതാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ വിഭാഗം ജനറല്‍ മാനേജര്‍ സാജു ജോര്‍ജ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി.കെ.സജീവ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സന്ദേശം മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു.