Home ആരോഗ്യം വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ? ആരോഗ്യഗുണങ്ങളറിയാം

വെറുംവയറ്റില്‍ വെള്ളം കുടിക്കാറുണ്ടോ? ആരോഗ്യഗുണങ്ങളറിയാം

രാവിലെ എഴുന്നേറ്റയുടനേ ഒരു ഗ്ലാസ് വെള്ളം ആരോഗ്യമുള്ള ശീലങ്ങളുടെ തുടക്കമാണ്. ഇത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമ്മള്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം സഹായിക്കുന്നു.

ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കാനായി ശരീരത്തില്‍ ആവശ്യമായ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ 25 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതായത്, ദഹനം വേഗത്തിലാക്കാന്‍ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വെള്ളം ധാരാളം കുടിക്കണം.

പ്രഭാത ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിക്കുമ്പോള്‍, അത് നിങ്ങളുടെ ആമാശയത്തിന് പൂര്‍ണ്ണത നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കലോറികളെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പ്രഭാത ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കുന്നതിനുള്ള മികച്ചൊരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഇത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത എന്നിവയെയും ബാധിക്കാം.

അതിരാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കും. ഇത് മലബന്ധ പ്രശ്നങ്ങളെ ഒഴിവാക്കും. കൂടാതെ, വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയും. മൂത്രാശയത്തിലും കിഡ്നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.