Home ചരിത്രം ചുരവും ചങ്ങല മരവും പറയുന്നു. കരിന്തണ്ടന്റെ കഥ!

ചുരവും ചങ്ങല മരവും പറയുന്നു. കരിന്തണ്ടന്റെ കഥ!

ഒമ്പത് ഹെയർപിൻ വളവുകൾ കയറി 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം… നഗരത്തിന്റെ ചൂടും തിരക്കും കടന്ന് കോടമഞ്ഞ് മൂടിയ താമരശ്ശേരി ചുരം കയറിയെത്തിയാൽ വയനാടായി. എത്ര ചൂടിലും ഉളളം തണുപ്പിക്കുന്ന ലക്കിടിയിലാണ് ആദ്യമെത്തുക. ഇവിടെ ഒരു കഥയുണ്ട്…. ചരിത്രമുറങ്ങുന്ന താമരശേരി ചുരത്തിന്റെ കഥ.

താമരശ്ശേരി ചുരത്തിന്റെ പിതാവായ ‘ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ…
ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്ന രക്തസാക്ഷിയാണ് കരിന്തണ്ടൻ. ഓരോ വയനാട്ടുകാരനും കരിന്തണ്ടൻ ഒരു വീരനായകനാണ്.

ചുരം കയറിയെത്തുമ്പോൾ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങുകയായി. കല്പറ്റയിലേക്കുള്ള നീണ്ട വഴിയിൽ ലക്കിടിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ച ചങ്ങലമരം. ആത്മാവ് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടൻ ഇന്നും അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം.

കരിന്തണ്ടൻതറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനമുണ്ട്.
തറയ്ക്കുമുന്നിൽ വന്ന് ആദിവാസികളടക്കമുള്ള ദേശവാസികൾ എന്നും പ്രാർഥിക്കുന്നു. ലക്കിടിവിട്ട് വയനാടൻ കുന്നിറങ്ങുന്ന ഓരോ വേളയിലും യാത്രകൾ സഫലമാവാൻ അവർ കരിന്തണ്ടനെ ഓർക്കുന്നു.

പണിയ സമുദായക്കാരുടെ കാർന്നോരായിരുന്ന കരിന്തണ്ടനെ ബ്രിട്ടീഷുകാരാണ് ചതിച്ചു കൊന്നത്. അടിവാരത്തു നിന്നും വയനാടിന്റെ മലമുകളിലേക്കെത്താൻ വഴിയറിയാതിരുന്ന ബ്രിട്ടീഷുകാർ വഴിമാത്രം കാണിച്ച് തരണമെന്നും ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും കരിന്തണ്ടനെ തെറ്റിദ്ധരിപ്പിച്ചാണ് മലമുകളിലെത്തിയത്.

മല കയറിയെത്തിയ സായിപ്പന്മാർക്ക് വനഭൂമിയുടെ സൗന്ദര്യവും സമൃദ്ധിയും വെട്ടിപ്പിടിക്കണമെന്നായി. അതിന് കരിന്തണ്ടനെ കൊല്ലണമായിരുന്നു. കയ്യിലൊരു മാന്ത്രിക വളയുണ്ടായിരുന്ന കരിന്തണ്ടനെ പലതവണ കൊല്ലാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ചതിയിലൂടെ മാന്ത്രിക വള എടുത്ത് മാറ്റിയ ശേഷം കരിന്തണ്ടനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

കരിന്തണ്ടൻ കാട്ടിയ കാനനപാതയിലൂ ടെ വഴി വെട്ടി വിദേശികൾ വയനാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളടക്കം കടത്തി തുടങ്ങി. എന്നാൽ ചുരം വഴി പോയിരുന്ന കാളവണ്ടികളും വാഹനങ്ങളും അഗാധ ഗർത്തത്തിൽ വീണ് അപകടത്തിൽപ്പെടുക പതിവായി. പ്രശ്നം വെച്ചപ്പോഴാണ്കരിന്തണ്ടന്റെ ആത്മാവാണ് ഇതൊക്കെ ചെയ്യുന്നത് എന്നറിഞ്ഞത്. ഒടുവിൽ പ്രേതത്തെ ആവാഹിച്ച് ബന്ധിക്കണമെന്ന് പ്രശ്നവിധിയുണ്ടായി. അങ്ങനെ ഒരു മന്ത്രവാദിയുടെ സഹായത്തോടെ കരിന്തണ്ടന്റെ ആത്മാവിനെ ഇരുമ്പുചങ്ങലയിൽ തളച്ചു.

ഓടത്തണ്ടിൽ ആവാഹിച്ചിരുത്തി ഇവിടെ കൊണ്ടുവന്ന് ചങ്ങലമരത്തിന്മേൽ ബന്ധനസ്ഥനാക്കിയെന്നാണ് വായ് മൊഴിയായി പ്രചാരത്തിലുള്ളത്.

ചരിത്രത്തിലെവിടെയും കരിന്തണ്ടന്റെ കഥ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും താമരശ്ശേരി ചുരം വഴിക്കുള്ള ഓരോ വയനാടൻ യാത്രയിലും കരിന്തണ്ടൻ തറയും ചങ്ങല മരവും പിന്നിട്ട് മുന്നോട്ട് പോകുമ്പോൾ നണുത്ത കാറ്റായി കരിന്തണ്ടനുണ്ടാകും കൂടെ… വഴികാട്ടിയായി!