Home വാണിജ്യം രാജ്യത്ത് രണ്ടായിരം രൂപ നോട്ട് അച്ചടി നിര്‍ത്തിയെന്ന് സര്‍ക്കാര്‍; രണ്ട് വര്‍ഷമായി ഒറ്റ നോട്ട് പോലും...

രാജ്യത്ത് രണ്ടായിരം രൂപ നോട്ട് അച്ചടി നിര്‍ത്തിയെന്ന് സര്‍ക്കാര്‍; രണ്ട് വര്‍ഷമായി ഒറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ല

രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിയതായി സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ടായ 2000രൂപയുടേത് പ്രചാരത്തില്‍ കുറഞ്ഞുവെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒരു നോട്ടുപോലും പുതിയതായി അച്ചടിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ലോക്സഭയെ രേഖാമൂലം അറിയിച്ചത്.

2018ല്‍ 336 കോടി നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇത് മൊത്തം നോട്ടുകളുടെ 3.27 ശതമാനമായിരുന്നു. മൂല്യം 37.26 ശതമാനവും. 2021 ഫെബ്രുവരി 26ല്‍ 249 കോടിയായി നോട്ടുകളുടെ എണ്ണം കുറഞ്ഞു. മൊത്തം നോട്ടുകളുടെ 2.01 ശതമാനം വരും 2000 രൂപ നോട്ടുകളുടെ എണ്ണം. മൂല്യം 17.78 ശതമാനമായി താഴ്ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തിക വര്‍ഷവും 2019-20ലും 2000 രൂപയുടെ നോട്ട് അച്ചടിക്കാന്‍ ഒരു നിര്‍ദേശവും പ്രസുകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. 2019 ഏപ്രിലിലാണ് അവസാനമായി നോട്ടുകള്‍ അച്ചടിച്ചത്. 2016 നവംബറിലാണ് ആദ്യമായി 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങിയത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പൂഴ്ത്തിവെയ്പും കള്ളപ്പണവും തടയാനാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.