Home അറിവ് ഇരട്ട വോട്ടില്‍ നടപടി, തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും; മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണം

ഇരട്ട വോട്ടില്‍ നടപടി, തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും; മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണം

രട്ടവോട്ടില്‍ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ട് പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 140 മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും. ഒന്നിലധികം വോട്ടുള്ളവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു.

ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളവരുടെ, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. ഇരട്ട വോട്ട് തെളിഞ്ഞവരുടെ പട്ടിക രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൈമാറും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.