Home വാണിജ്യം വാട്‌സ്ആപ്പില്‍ ഇങ്ങനൊരു സന്ദേശം ലഭിച്ചിട്ടുണ്ടോ?; ജാഗ്രത..!

വാട്‌സ്ആപ്പില്‍ ഇങ്ങനൊരു സന്ദേശം ലഭിച്ചിട്ടുണ്ടോ?; ജാഗ്രത..!

സ്വകാര്യതയെ അത്യധികം കുഴപ്പത്തിലാക്കുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. ആമസോണിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഒരു സര്‍വേയില്‍ പങ്കെടുക്കാമോ എന്നതാണ് പ്രധാനമായും ഈ സന്ദേശത്തിന്റെ ഭാഗം. ആമസോണിന്റെ 30മത് വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മാനം ലഭിക്കും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ ഈ സന്ദേശം കണ്ട്, യെസ് എന്ന് ഉത്തരം നല്‍കിയാല്‍ പണവും സ്വകാര്യ വിവരങ്ങളും നഷ്ടപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘ആമസോണിന്റെ 30മത്തെ വാര്‍ഷിക ആഘോഷം, എല്ലാവര്‍ക്കും സൌജന്യ സമ്മാനം’ എന്നപേരിലാണ് സന്ദേശം വരുന്നത്. ഇതിനൊപ്പം സര്‍വേയ്ക്ക് എന്ന പേരില്‍ ഒരു യുആര്‍എല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേ പേജിലേക്കാണ് പോകുന്നത്.

ആ പേജില്‍ വിവിധ ചോദ്യങ്ങള്‍ ചോദിക്കുന്നു. ശരിക്കും ആമസോണിന്റെ സൈറ്റിന്റെ ലേ ഔട്ടിലാണ് ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് കൂടുതല്‍ ഉപഭോക്താക്കളെയും പ്രശ്‌നത്തിലാക്കുന്നത്. ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍, നിങ്ങള്‍ക്ക് മുന്‍പില്‍ വിവിധ ബോക്‌സുകള്‍ വരും. അതില്‍ ഒന്ന് സമ്മാനമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഈ സര്‍വേയുടെ ചോദ്യം അഞ്ച് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യണമെന്നാണ് പിന്നീട് പറയുന്നത്. ഈ സ്‌കാം സന്ദേശം കൂടുതല്‍ ഗ്രൂപ്പുകളില്‍ എത്തിക്കാനുള്ള ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ രീതി.

ഇത്തരം സന്ദേശത്തില്‍ അതിന്റെ യുആര്‍എല്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് വലിയ തട്ടിപ്പാണെന്ന് മനസിലാകും. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ https://ccweivip.xyz/amazonhz/tb.php?v=ss161651 എന്ന യുആര്‍എല്‍ ആണ് വൈറലാകുന്നത്.