Home ആരോഗ്യം ഗര്‍ഭിണികള്‍ കാപ്പി കുടിക്കരുത്!!; കാരണമിതാണ്

ഗര്‍ഭിണികള്‍ കാപ്പി കുടിക്കരുത്!!; കാരണമിതാണ്

ര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ചില ആഹാരങ്ങളും പാനീയങ്ങളും നിഷിദ്ധമാണ്. ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിക്കരുതെന്നാണ് പുതിയ പഠനം. കാപ്പി കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ ദിവസവും അരക്കപ്പ് കാപ്പി കുടിക്കുന്നത് തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും, അസുഖങ്ങള്‍ പെട്ടെന്നു വരികയും ചെയ്യും. ഭാരം കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് യൂനിസ് കെന്നഡി ശ്രീവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റിലെ ഗവേഷകനായ കാതറിന്‍ എല്‍. ഗ്രാന്റ്‌സ് പറഞ്ഞു.

ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷനിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഗര്‍ഭകാലത്ത് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് നല്ലത്.

രണ്ടായിരത്തിലധികം ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍. പഠനത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ രക്തസാമ്പിള്‍ നല്‍കി. ഗര്‍ഭപാത്രത്തിലെ രക്തക്കുഴലുകളെ കഫീന്‍ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഗര്‍ഭപിണ്ഡത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വളര്‍ച്ചയെ തടയുകയും ചെയ്യും.

അതുപോലെ, കഫീന്‍ ഗര്‍ഭപിണ്ഡത്തിന്റെ സ്‌ട്രെസ് ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നു, ഇത് ജനനത്തിനു ശേഷം വേഗത്തില്‍ ശരീരഭാരം കൂടാനും ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.