Home അറിവ് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ഇക്കാര്യങ്ങള്‍ അറിയുക

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ഇക്കാര്യങ്ങള്‍ അറിയുക

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്സീന്‍ ഇന്ന് മുതല്‍ വിതരണം തുടങ്ങി. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്തും വാക്സീന്‍ സ്വീകരിക്കാം. സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് 45 വയസിന് മുകളിലുള്ള പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.

വാക്‌സിന് വേണ്ടി www.cowin.gov.in എന്ന വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീനെടുക്കാന്‍ എത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സീനുകള്‍ കൂടി ഉടന്‍ എത്തും. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്സീനും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്സീനും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്സീന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.