Home അറിവ് കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ക്ക് തടയിട്ട് യൂട്യൂബ്; ഡിസ്‌ലൈക് ഒഴിവാക്കുന്നു

കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ക്ക് തടയിട്ട് യൂട്യൂബ്; ഡിസ്‌ലൈക് ഒഴിവാക്കുന്നു

യൂട്യൂബ് വിഡിയോകളിലെ ഡിസ് ലൈക്ക് ഓപ്ഷന്‍ മറയ്ക്കാനുള്ള നീക്കവുമായി കമ്പനി. ചാനലുകളെയും വിഡിയോ നിര്‍മ്മാതാക്കളെയും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് യൂട്യൂബിന്റെ പുതിയ തീരുമാനം. ഡിസ് ലൈക്കുകളുടെ എണ്ണം ആളുകളെ അറിയിക്കാതിരിക്കാന്‍ കഴവിയുന്ന ചില പുതിയ ഡിസൈനുകള്‍ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു.

നിലവില്‍ ലൈക്കും ഡിസ് ലൈക്കും ആര്‍ക്കും കാണാവുന്ന രീതിയിലാണ് യൂട്യൂബിന്റെ ഡിസൈന്‍. പുതിയ മാറ്റം അനുസരിച്ച് ലൈക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമായിരിക്കും കാഴ്ചക്കാര്‍ക്ക് ലഭിക്കുക. അതേസമയം ലൈക്കിന്റെയും ഡിസ് ലൈക്കുകളുടെയും എണ്ണം വിഡിയോ സൃഷ്ടാക്കള്‍ക്ക് കാണാന്‍ കഴിയുമെന്നും യൂട്യൂബ് അറിയിച്ചു.

‘പ്രേക്ഷകരുടെ അഭിപ്രായം യൂട്യൂബിന്റെ അവിഭാജ്യ ഘടകം തന്നെയാണ്, അത് തുടര്‍ന്നും അങ്ങനെതന്നെയായിരിക്കും. എന്നാല്‍ പല വിഡിയോ സൃഷിടാക്കളും ഡിസ് ലൈക്കിന്റെ എണ്ണം പ്രശ്‌നമുണ്ടാക്കുന്നതായി അറിയിച്ചു, പലപ്പോഴും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ക്കും കാരണമാകാം’, കമ്പനി അറിയിച്ചു. അതുകൊണ്ട് കാഴ്ചക്കാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുതന്നെ ഡിസ് ലൈക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗം പരിശോധിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.