Home അറിവ് പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി

തിനെട്ട് വയസ് പൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടനപ്രകാരം അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിന്റണ്‍ എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭീഷണിപ്പെടുത്തിയും പാരിതോഷിങ്ങളും പണവും നല്‍കിയും മന്ത്രവാദത്തിലൂടെയും അന്ധവിശ്വാസത്തിലൂടെയുമുള്ള മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു അശ്വിനികുമാറിന്റെ ഹര്‍ജി. മതപരിവര്‍ത്തനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം പൊതുതാത്പര്യഹര്‍ജി നല്‍കുന്നത് പ്രശസ്തിക്കു വേണ്ടിയാണെന്നും ഇതു തുടര്‍ന്നാല്‍ കനത്ത പിഴ വിധിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

‘തന്റെ മതം എന്തായിരിക്കണം, ജീവിത പങ്കാളി ആരായിരിക്കണം എന്നതില്‍ അന്തിമ തീരുമാനം വ്യക്തികള്‍ക്കു തന്നെയാണ്. ഇക്കാര്യത്തില്‍ കോടതിക്ക് വിധി പറയാനാവില്ല. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ഭാഗം തന്നെയാണ് മതവിശ്വാസത്തിന്റേതും.’ – ജീവിക്കാനുള്ള അവകാശം, അന്തസ്്, സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെടുത്തി സ്വകാര്യതയുടെ അവകാശം ലംഘിക്കരുതെന്നുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. അപേക്ഷയുമായി ലോ കമ്മിഷനെയോ ഹൈക്കോടതിയെയോ സമീപിക്കാനുള്ള അശ്വിനി കുമാറിന്റെ അപേക്ഷയും ബെഞ്ച് വ്യക്തമായി അനുവദിച്ചില്ല.