Home ആരോഗ്യം ‘ക്രഷിങ് ദ കര്‍വ്’; കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പുതിയ കര്‍മ്മ പദ്ധതി

‘ക്രഷിങ് ദ കര്‍വ്’; കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പുതിയ കര്‍മ്മ പദ്ധതി

കോവിഡ് രണ്ടാം തരംഗം തടയാന്‍ പുതിയ കര്‍മ്മ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ക്രഷിംഗ് ദ കര്‍വ് എന്ന പേരിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി പ്രതിരോധശേഷി നല്‍കുകയെന്നതാണ് ലക്ഷ്യം.

വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, രോഗം വന്നാലും ഗുരുതരമാകാനുള്ള സാധ്യതയും കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി വന്‍തോതില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്.

റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പരമാവധി ആളുകളെ ബോധവല്‍ക്കരിച്ച് വാക്സിന്‍ എടുപ്പിച്ച് രോഗപ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. പരമാവധി പരിശോധനകള്‍ കൂട്ടി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കി രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു.

കൂടാതെ, നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രോഗവ്യാപനം വര്‍ധിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്നും ശൈലജ പറഞ്ഞു.