Home ആരോഗ്യം ആശുപത്രികളിലെ പകുതി കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക്, സഹകരണ, ഇഎസ്‌ഐ ആശുപത്രികള്‍ കോവിഡിന് മാത്രം; പുതിയ ഉത്തരവ്

ആശുപത്രികളിലെ പകുതി കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക്, സഹകരണ, ഇഎസ്‌ഐ ആശുപത്രികള്‍ കോവിഡിന് മാത്രം; പുതിയ ഉത്തരവ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ ഇത് നടപ്പിലാക്കും. കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ 25 ശതമാനത്തില്‍ രോഗികളെ പ്രവേശിപ്പിക്കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും.

സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പെടെയാണ് പകുതിയോളം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കു. സഹകരണ, ഇ.എസ്.ഐ. ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ചികിത്സയ്ക്കു മാത്രമാക്കും. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാന്‍ നേരത്തേ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍, രണ്ടാംതരംഗം രൂക്ഷമാവുന്നതിനാല്‍ അസാധാരണ നടപടിയെന്നനിലയ്ക്കാണ് കൂടുതല്‍ കിടക്കകള്‍ മാറ്റിവെക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഉണ്ടാവും. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെയും കോവിഡ് അല്ലാത്ത മറ്റു രോഗങ്ങളുള്ളവരെയും ആശുപത്രികളില്‍ കിടത്തിച്ചികിത്സിക്കുന്നത് കുറയ്ക്കും. എന്നാല്‍, അടിയന്തര ചികിത്സ ആവശ്യമുള്ള കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കും.

ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനും സേവനങ്ങള്‍ ലഭിക്കാനും അതതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോര്‍ട്ട് യൂണിറ്റുകളിലെ (ഡി.പി.എം.എസ്.യു.) കോള്‍ സെന്റര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ ആവശ്യമായിവരുന്നവര്‍ നേരിട്ട് ആശുപത്രികളില്‍ പോയി അഡ്മിറ്റ് ആകുന്നതിനു പകരം ആദ്യം ജില്ലാ കണ്‍േട്രാള്‍ റൂമിലോ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം.