Home ആരോഗ്യം ആര്‍ത്തവത്തിന് മുന്‍പ് തലവേദന അനുഭവപ്പെടാറുണ്ടോ?; ഇക്കാര്യങ്ങള്‍ അറിയാം

ആര്‍ത്തവത്തിന് മുന്‍പ് തലവേദന അനുഭവപ്പെടാറുണ്ടോ?; ഇക്കാര്യങ്ങള്‍ അറിയാം

ര്‍ത്തവം പലര്‍ക്കും അസ്വസ്തതകളുടെ കാലമാണ്. ആര്‍ത്തവത്തിന് കുറച്ച് ദിവസം മുന്‍പ് തന്നെ പലതരത്തിലുള്ള അസ്വസ്ഥകള്‍ അനുഭവപ്പെടാറുണ്ട്. തലവേദന, വയറുവേദന, നടുവേദന, ക്ഷീണം ഇങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ട്. ആര്‍ത്തവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മൈഗ്രെയ്ന്‍. പിഎംഎസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മൈഗ്രെയ്ന്‍.

ശരീരം പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ തലവേദന ഉണ്ടാകും. ഈ രണ്ട് ഹോര്‍മോണുകളുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍, തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ സ്വാധീനിക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ സമയങ്ങളില്‍ രണ്ട് തരത്തിലുള്ള തലവേദനകള്‍ ഉണ്ടാകാം. മെന്‍സ്ട്രല്‍ മൈഗ്രെയ്ന്‍ ( menstrual migraine), ഹോര്‍മോണല്‍ തലവേദന ( hormonal headache). ഈ രണ്ട് തലവേദനകളുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. തലവേദന കൂടുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. മെന്‍സ്ട്രല്‍ മൈഗ്രെയ്‌നാണ് ഇന്ന് 60 ശതമാനം സ്ത്രീകളിലും കണ്ട് വരുന്നത്.

ഹോര്‍മോണല്‍ തലവേദനയെ ചികിത്സിക്കാന്‍ കഫീന്‍ പാനീയങ്ങള്‍ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കഫീന്‍ വേദന കുറയ്ക്കുമെങ്കിലും ധാരാളം കഫീന്‍ ശരീരത്തിലെത്തുന്നത് ഉറക്കമില്ലായ്മ പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ചോക്ലേറ്റ് കഴിക്കുന്നതും ഹോര്‍മോണ്‍ തലവേദനയുടെ അസ്വസ്ഥത ഇല്ലാതാക്കുന്നു. യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് സമ്മര്‍ദ്ദം ഒഴിവാക്കുകയും തലവേദന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. തലവേദനയെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഉറക്കമാണ്. ഉറക്കക്കുറവ് തലവേദനയിലേക്ക് നയിക്കുന്നു. ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.