Home അറിവ് മറ്റുള്ളവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പോലും തങ്ങള്‍ എടുക്കുന്നില്ല; വാട്‌സ്ആപ് ഹൈക്കോടതിയില്‍

മറ്റുള്ളവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പോലും തങ്ങള്‍ എടുക്കുന്നില്ല; വാട്‌സ്ആപ് ഹൈക്കോടതിയില്‍

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യ നയത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ഇതിനിടെ ഡെല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് വാട്‌സ്ആപ്പ്. മറ്റ് പല വെബ്‌സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും സമാനമായ സ്വകാര്യതാ നയം ഉണ്ടെന്നും വാട്‌സ് ആപ്പ് ശേഖരിക്കുന്നതില്‍ കൂടുതല്‍ ഡാറ്റ അവര്‍ ശേഖരിക്കുന്നതായുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ചില ആപ്പുകളെ പേരെടുത്ത് പറഞ്ഞ വാട്‌സ് ആപ്പ്, തങ്ങളെക്കാള്‍ കൂടുതല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നുണ്ടെന്നും കോടതില്‍ പറഞ്ഞു. സൊമാറ്റോ, ബിഗ്ബാസ്‌കറ്റ്, ഓല, കോ, ട്രൂകോളര്‍, ആരോഗ്യസേതു എന്നീ ആപ്പുകളുടെ പേരുകളാണ് പരാതിയില്‍ വാട്‌സ്ആപ്പ് എടുത്തു പറഞ്ഞത്. പ്രമുഖ ദേശീയമാധ്യമത്തില്‍ ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

മേയ് അഞ്ചിന് വാട്‌സ്ആപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സൂം ഉള്‍പ്പെടെയുള്ള പ്രമുഖ ടെക് കമ്പനികളുടെ പേരുകളും വാട്സ്ആപ്പ് ഹര്‍ജിയില്‍ ചുണ്ടിക്കാണിക്കുന്നുണ്ട്. റിപ്പബ്ലിക് ടിവിയുടെ ഡിജിറ്റല്‍ വിഭാഗവും ഉപയോക്താക്കളുടെ കൂടുതല്‍ വിവരം ശേഖരിക്കുന്നതായി പരാതിയില്‍ പറയുന്നു.

ഇത്തരം കമ്പനികള്‍ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന് സമാനമായോ അതില്‍ കൂടുതലോ രേഖകള്‍ ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യനയം തെറ്റല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നതു. പുതിയ സ്വകാര്യതാ നയം പുറത്തിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് രാജ്യത്തെ ടെക് കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തും. പ്രാഥമികമായി, പലചരക്ക് വിതരണവും മറ്റും സുഗമമാക്കുന്ന കമ്പനികളെ ഇത് ബാധിക്കുമെന്ന് വാട്സ്ആപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ജനുവരിയിലാണ് സ്വകാര്യതാ നയത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതിയെത്തിയത്. ഇത് പരിശോധിച്ച കോടതി കൂടുതല്‍ വിശദീകരണം നല്‍കാന്‍ വാട്‌സ്ആപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. മേയ് 15നാണ് പുതിയ നയം പുറത്തിറക്കുന്നത്. സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് നഷ്ടമാകില്ലെന്നും എന്നാല്‍ ചില സൗകര്യങ്ങള്‍ കുറയുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.