Home അറിവ് തിങ്കളാഴ്ച മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിങ്കളാഴ്ച മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുക. ഇവിടങ്ങളില്‍ കടകള്‍ രാത്രി ഏഴര വരെ തുറക്കാനാവില്ല. കുറഞ്ഞ സമയത്തേക്ക് മാത്രമാകും കടകള്‍ തുറക്കുക. പൊലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങള്‍ക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടാകൂ. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ടാകും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു. എല്ലാ ജില്ലയിലും ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും ടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.