Home അറിവ് മരിച്ചവരുടെ അന്തസ്സിന് കോട്ടം തട്ടരുത്; സംസ്‌കാരത്തിന് നിയമനിര്‍മാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

മരിച്ചവരുടെ അന്തസ്സിന് കോട്ടം തട്ടരുത്; സംസ്‌കാരത്തിന് നിയമനിര്‍മാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.

മരിച്ചവരുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന സമീപനം ഒഴിവാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് ഒഴിവാക്കണമെന്നും മൃതദേഹങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അധികൃതരോട് താല്ക്കാലിക ശ്മശാനങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാര്‍ ബോധവാന്മാരായിരിക്കണം. അവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണം.

മരിച്ചവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി അന്ത്യകര്‍മങ്ങള്‍ നടത്താനുളള നടപടികള്‍ പ്രദേശിക ഭരണകൂടം സ്വീകരിക്കണം. വലിയതോതില്‍ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയ്ക്ക് ഇതുസംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ അയച്ചിട്ടുണ്ട്.