Home അറിവ് ഡെങ്കിപ്പനി; തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കാം, അപകടം ഒഴിവാക്കാം

ഡെങ്കിപ്പനി; തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കാം, അപകടം ഒഴിവാക്കാം

കൊതുക് പരത്തുന്ന ഒരുതരം മാരകമായ അസുഖമാണ് ഡെങ്കിപ്പനി. കൊതുകുകള്‍ പലതരത്തിലുണ്ട്. അതില്‍ ഈഡിസ് വിഭാഗത്തിലുള്‍പ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകര്‍. ശരീരത്തില്‍ വെള്ള വരകളുള്ള ഇത്തരം കൊതുകുകള്‍ രക്തപാനം ചെയ്യുന്നത് പകല്‍ സമയത്താണ്. ഫ്‌ലാവി വൈറസ് കുടുംബത്തിലെ ഡെങ്കി വൈറസ് ആണ് ഡെങ്കി പനിയുണ്ടാക്കുന്നത്.

ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലു വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കല്‍ ഡെങ്കി പനി ബാധിച്ചാല്‍ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോള്‍ തീവ്രതയേറിയ ഡെങ്കി ആവാന്‍ സാധ്യതയുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 39 കോടി മനുഷ്യര്‍ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

1630 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലാണ് ഈഡിസ് കൊതുകുകള്‍ എറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പം (ഹ്യൂമിഡിറ്റി ), മാറിമാറി വരുന്ന മഴയും വെയിലും, നഗരവത്കരണം ഒക്കെ ഈഡിസ് കൊതുകുകള്‍ക്ക് വളമാണ്. അന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ചു കൊതുകിന് നിര്‍ജലീകരണം ഉണ്ടാവുകയും കൂടുതല്‍ തവണ രക്തപാനം ചെയ്യാനുള്ള അവസ്ഥയുണ്ടാവുകയും ചെയ്യുന്നു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

കടുത്ത പനി
തലവേദന
കണ്ണിന്റെ പുറകില്‍ വേദന
ശരീരവേദന – എല്ലു നുറുങ്ങുന്ന വേദനയായതുകൊണ്ടാവണം ബ്രേക്ക് ബോണ്‍ ഫീവര്‍ അഥവാ ബാക്ക് ബ്രേക്ക് ഫീവര്‍ എന്ന അപരനാമത്തില്‍ ഡെങ്കിപ്പനി പ്രസിദ്ധി നേടിയത്.
തൊലിപ്പുറത്തെ ചുവന്ന പാടുകള്‍ മുതല്‍ രോഗതീവ്രത കൂടുന്നതനുസരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം വരെയുണ്ടാകാം.

കൊച്ചു കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ജന്മനാ ഹൃദയവൈകല്യം ഉള്ളവര്‍, ജീവിത ശൈലി രോഗങ്ങളുള്ളവര്‍, മറ്റ് അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി സ്റ്റിറോയ്ഡ്, വേദന സംഹാരികള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ ഡെങ്കിപ്പനി സങ്കീര്‍ണ്ണമാകാന്‍ സാധ്യത കൂടുതലാണ്.

ചെറിയ തോതില്‍ അസുഖം വന്നവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ വീട്ടില്‍ത്തന്നെ മതിയാവും. നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പനിക്കും ശരീരവേദനയ്ക്കും പാരസെറ്റമോള്‍ മൂന്നു നേരം വെച്ചു കഴിക്കുക. (വേദന സംഹാരികള്‍ ഡെങ്കിപ്പനിക്ക് കഴിക്കുന്നത് നല്ലതല്ല) ആപത് സൂചനകള്‍ ഒന്നുമുണ്ടാകുന്നില്ലെന്നു സ്വയം നിരീക്ഷിക്കുക.

കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടനെ തന്നെ വൈദ്യസഹായം തേടുക. അപ്പോള്‍ ആന്റിബയോട്ടിക് വേണ്ടേ ഡോക്ടറേ എന്നാവും അടുത്ത ചോദ്യം! വൈറസ് മൂലമുണ്ടാകുന്ന പനികള്‍ക്ക് ആന്റിബയോട്ടിക് ആവശ്യമില്ല എന്ന് മനസ്സിലാക്കുക. സമൂഹ മാധ്യമങ്ങളില്‍ ധാരാളം ലഭ്യമായ തെറ്റായ പ്രചരണങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുക!

ഡെങ്കി ഷോക്ക് സിന്‍ഡ്രോം (Dengue shock syndrome) എന്ന അവസ്ഥ ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്. രോഗിയുടെ രക്തത്തിലെ കൗണ്ടുകള്‍ കൃത്യമായ ഇടവേളകളില്‍ ടെസ്റ്റ് ചെയ്തു അതിനനുസരിച്ച് ‘?ഗ്ലൂക്കോസ് ഡ്രിപ് ‘ എന്ന നോര്‍മല്‍ സലൈന്‍ ഒരു മണിക്കൂറില്‍ ഇത്ര മില്ലി എന്ന കണക്കില്‍ മൂത്രത്തിന്റെ അളവും മറ്റു അളവുകോലുകളും നിരീക്ഷിച്ച് കൊടുക്കേണ്ടതാണ്. സങ്കീര്‍ണതകളനുസരിച്ച് ചികിത്സ ഇടയ്ക്കിടെ ക്രമപ്പെടുത്തേണ്ടി വരും. ഡ്രിപ്പിടുമ്പോള്‍ ശരീരത്തില്‍ ജലാംശം അധികമാവാതെ ശ്രദ്ധിക്കുന്നതും പ്രധാനമാണ്.