Home അറിവ് ഇന്നുമുതല്‍ ഇളവുകളോട് കൂടിയ ലോക്ഡൗണ്‍; ചട്ടങ്ങള്‍ ഇങ്ങനെയെല്ലാം

ഇന്നുമുതല്‍ ഇളവുകളോട് കൂടിയ ലോക്ഡൗണ്‍; ചട്ടങ്ങള്‍ ഇങ്ങനെയെല്ലാം

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ ഇളവ്. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗണ്‍ ചട്ടങ്ങളായിരിക്കും ഇന്നുമുതല്‍ ഉണ്ടാകുക. അതേസമയം, യാത്രാവിലക്ക് തുടരും. ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ നടത്താന്‍ മാത്രമേ അനുവാദമുള്ളൂ.

വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കാം. കുറഞ്ഞ ജീവനക്കാരെ വച്ച് ആയിരിക്കണം പ്രവര്‍ത്തനം. വസ്ത്രാലയങ്ങള്‍, ചെരുപ്പു വില്പനശാലകള്‍, ആഭരണ ശാലകള്‍ എന്നിവക്കെല്ലാം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഒന്‍പതു മുതല്‍ അഞ്ച് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കശുവണ്ടി, കയര്‍, പേപ്പര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ച് മണിവരെ തുറക്കാം.

ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. ജൂണ്‍ 1, 3,5,8 തീയതികളില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ദേശീയ സമ്പാദ്യ പദ്ധതിയുടെ കളക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ച ദിവസങ്ങളില്‍ ഇതിനായുള്ള യാത്ര അനുവദിക്കും. വ്യവസായിക കേന്ദ്രങ്ങളില്‍ അവശ്യമെങ്കില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് സര്‍വീസ് നടത്താം. കുറച്ച് സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.

മദ്യശാലകള്‍ തുറക്കില്ലങ്കിലും പാഴ്‌സല്‍ രൂപത്തില്‍ കള്ള വില്‍പന അനുവദിക്കും. ജൂണ്‍ ഒമ്പതുവരെയാണ് ഇളവുകളോടെ സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.