അതിരു കടന്ന് ആഘോഷിക്കുന്നവർ അറിയുവാൻ…… നടുറോഡില്‍ മുട്ടയേറ്.. പിന്നെ കിട്ടിയത് മുട്ടന്‍ പണി!

    യൂത്തന്‍മാരുടെ അതിരുവിട്ട ആഘോഷങ്ങള്‍ മിക്കപ്പോഴും വിമര്‍ശനത്തിന് കാരണമാകാറുണ്ട്. കല്യാണ വീട്ടിലും മരണ വീട്ടില്‍ പോലും ഇത്തരക്കാരുടെ പെരുമാറ്റം അസഹ്യമാകാറുണ്ട്. ഫ്രീക്കന്‍മാരുടെ ഇത്തരം ആഘോഷങ്ങള്‍ക്കെതിരെ പോലീസും കര്‍ശ്ശന താക്കീത് നല്‍കാറുണ്ട്. എന്നാലും ഇത്തരം ആഭാസങ്ങള്‍ ഒരാചാരം പോലെ തുടരുകയാണ്. കേരളത്തിലിപ്പോള്‍ ആഘോഷ ദിവസങ്ങളില്‍ കൂട്ടുകാര്‍ പരസ്പ്പരം പണി കൊടുക്കുന്നതും വാങ്ങുന്നതും പതിവ് രീതിയായി മാറികഴിഞ്ഞിരിക്കുന്നു. കല്യാണ ദിവസം ചെറുക്കനും പെണ്ണിനും പണി കൊടുത്ത് പണി വാങ്ങിയ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. എന്നാല്‍ ഇതുവരേയും പിറന്നാള്‍ ആഘോഷത്തിനിടെയുള്ള പണികളൊന്നും എട്ടിന്റെ പണിയായി മാറിക്കണ്ടിട്ടില്ല. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഒരു പിറന്നാളാഘോഷം പക്ഷെ എട്ടും എട്ടും ചേര്‍ത്ത് പതിനാറിന്റെ പണിയായാണ് ആഘോഷ കമ്മിറ്റിക്കാര്‍ക്ക് കിട്ടിയത്. പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാരനെ അവന്‍ പോലുമറിയാതെയാണ് സഹപാഠികള്‍ നടുറോഡിലൂടെ ഓടിച്ചിട്ട് മുട്ടയെറിഞ്ഞത്. ക്ലാസ് കഴിഞ്ഞ ശേഷം ബസ്റ്റാന്റിലെത്തിയ പിറന്നാളുകാരനെ മൂന്ന് കൂട്ടുകാര്‍ ചേര്‍ന്നാണ് മുട്ടയെറിഞ്ഞത്. സംഭവം അറിയാതെ നിന്ന പിറന്നാളുകാരന്‍ ബസ്റ്റാന്റിലൂടെ തലങ്ങും വിലങ്ങും ഓടി. ആഘോഷ കമ്മിറ്റിക്കാര്‍ വിടാനുള്ള ഭാവമില്ലാതെ പുറകെയും. കൂട്ടുകാരുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ച വിദ്യാര്‍ത്ഥി റോഡിലിറങ്ങിയും ഓടി. കാര്യമറിയാതെ അമ്പരന്നു നിന്ന നാട്ടുകാരുടെ മേലും പരിസരത്തെ വാഹനങ്ങളിലും മുട്ടയേറ് കൊണ്ടതോടെ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ന്യൂജെന്‍ കുട്ടികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതോടെ ന്യൂജെന്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കും പരിസമാപ്തിയായി. തുടര്‍ന്നുള്ള ആഘോഷത്തില്‍ പോലീസ് സ്റ്റേഷനും പോലീസുകാരും രക്ഷിതാക്കളും ഉപദേശവുമെല്ലാമായപ്പോള്‍ പിറന്നാളാഘോഷം പൊടിപൊടിച്ചു.