Home വിദ്യഭ്യാസം സത്യമല്ലാത്ത വാർത്ത!

സത്യമല്ലാത്ത വാർത്ത!

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ദിവസവും നിരവധി പേര്‍ക്ക് ആശ്രയമാവുകയും പുതിയ ജീവിതം സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഏതൊരു കാര്യത്തിനും മറുവശമുള്ളത് പോലെ സോഷ്യല്‍ മീഡിയക്കും മറുവശമുണ്ട്. വ്യാജവാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന വലിയൊരു തലവേദന. ഫ്രൂട്ടി കമ്പനിയിലെ എയ്ഡ്‌സ് രോഗിയെപ്പോലെ വര്‍ഷങ്ങള്‍ക്കിപ്പുറവും കറങ്ങി നടക്കുന്നുണ്ട് നിരവധി വ്യാജ വാര്‍ത്തകള്‍. അവയിലൊന്നാണ് ‘ മസ്തിഷ്‌ക മരണം സംഭവിച്ച സുധീറിന്റെയും ഭാര്യയുടെയും നാല് വൃക്കകള്‍ ലഭ്യമാണ്’ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന മെസേജ്. മൂന്ന് വര്‍ഷമായി പ്രചരിക്കുന്ന വ്യാജ വൃക്കദാനം ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഫോര്‍വേര്‍ഡ് മെസേജായി കറങ്ങി നടക്കുന്നു. ഇന്നലെ അപകടത്തില്‍പ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സേവന സഹപ്രവര്‍ത്തകരുടെ) മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍ പ്രഖ്യാപിച്ചു. സുധീര്‍ ബി പോസിറ്റീവും ഭാര്യ ഒ പോസിറ്റീവും ആണ്. അവന്റെ കുടുംബം മനുഷ്യരാശിക്കായി അവരുടെ വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക’. ഇതാണ് ആ മെസേജ്.. 2017 മുതല്‍ പ്രചരിക്കുന്നതാണ് ഈ സന്ദേശം. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം ഏറെ പ്രചരിച്ച ഈ വ്യാജ സന്ദേശം ഇപ്പോള്‍ മലയാളത്തിലും അതിവേഗം ഷെയര്‍ ചെയ്യപ്പെടുന്നു. നേരത്തെയിറങ്ങിയ ഇംഗ്ലീഷ് സന്ദേശം അതേപടി പരിഭാഷപ്പെടുത്തിയാണ് മലയാളത്തിലാക്കിയിരിക്കുന്നത്. നേരത്തെ ദേശീയ മാധ്യമങ്ങള്‍ ഇതേപ്പറ്റി നടത്തിയ അന്വേഷണത്തില്‍ സന്ദേശത്തിലുള്ള നമ്പര്‍ മീററ്റിലെ ഒരു പ്രശസ്ത നെഫ്രോളജിസ്റ്റിന്റെയാണെന്ന് കണ്ടെത്തിയിരുന്നു.
രാജ്യമെമ്പാടും സന്ദേശം പ്രചരിച്ചതോടെ ദിവസേന വൃക്ക അന്വേഷിച്ചുള്ള ആയിരത്തോളം ഫോണ്‍ കോളുകളാണ് ഡോക്ടറെത്തേടിയെത്തിയത്. സഹികെട്ട ഇദ്ദേഹം 2017 ല്‍ സൈബര്‍ സെല്ലില്‍ ഇതേപ്പറ്റി പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതേ സന്ദേശം അതിവേഗം ഷെയര്‍ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ വൃക്ക കച്ചവടം നടത്തുന്ന സംഘങ്ങളാണോയെന്നും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മനുഷ്യാവയവങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണെന്നിരിക്കെ ഇത്തരം വ്യാജസന്ദേശങ്ങള്‍ ഇറക്കുന്നവര്‍ക്ക് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടാകാം. എന്നാല്‍ വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയപ്പെടാതെ മറ്റുള്ളവര്‍ക്ക് സഹായകരമാകുമെന്ന ധാരണയില്‍ പലരും ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കുകയാണ്. വ്യാജവാര്‍ത്തകളുടെ പ്രചാരണത്തിന് തടയിടാന്‍ ഇനിയും കര്‍ശ്ശന നടപടികള്‍ കൊണ്ടുവന്നേ തീരൂ.. ഫോര്‍വേഡ് മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കും മുമ്പേ സ്വയം കബളിപ്പിക്കപ്പെടണോ എന്ന് നമ്മള്‍ വീണ്ടും വീണ്ടും ചിന്തിക്കേണ്ടത് അനിവാര്യമാണ്..