Home വാണിജ്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങി സാങ്കേതിക സര്‍വകലാശാല

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങി സാങ്കേതിക സര്‍വകലാശാല

സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അടിയന്തരമായി സമഗ്ര ഇന്‍ഷുറന്‍സ് നല്‍കും. ഈ പദ്ധതി നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയുടെ അധ്യക്ഷതയില്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഈ കോളജുകളിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് ഉള്‍പ്പെടെ പഠന സാമഗ്രികള്‍ നല്‍കുന്ന പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയിലാകുന്നവര്‍ക്കും സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി. കോവിഡ് ബാധിച്ച് മരിച്ച കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി സൂരജ് കൃഷ്ണയുടെ കുടുംബത്തിന് ഈ പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ നല്‍കും. ഇതിനായി സ്റ്റുഡന്റ്‌സ് അഫയേഴ്സ് സമിതി സമര്‍പ്പിച്ച നിര്‍ദേശം സിന്‍ഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്കായി എല്ലാ വര്‍ഷവും രണ്ടു കോടി രൂപ വകയിരുത്തും.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള പഠന സാമഗ്രികള്‍ നല്‍കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ 5 കോടി രൂപ വകയിരുത്തും. കോവിഡ് കാലയളവില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആക്ടിവിറ്റി പോയിന്റ് ആനുകൂല്യം നല്‍കും.

പിഎച്ച്ഡി അപേക്ഷകര്‍ സംവരണം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 11 വരെ നീട്ടി. രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് phdadmission@ktu.edu.in എന്ന മെയിലിലേക്ക് അയയ്ക്കണം. രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ പരിഗണിക്കും. എഴുത്തുപരീക്ഷയ്ക്ക് യോഗ്യതയുള്ളവര്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.