Home അറിവ് സൂക്ഷിക്കണം ആഫ്രിക്കന്‍ ഒച്ചിനെ; കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാര്‍ഷിക ഗവേഷണകേന്ദ്രം

സൂക്ഷിക്കണം ആഫ്രിക്കന്‍ ഒച്ചിനെ; കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാര്‍ഷിക ഗവേഷണകേന്ദ്രം

കേരളത്തിലെ മൊത്തം കര്‍ഷകരുടെ തലവേദയായി മാറിയിരിക്കുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വയനാട് ഉള്‍പ്പടെ പല ജില്ലകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. വാഴ, പപ്പായ, ഇഞ്ചി, മഞ്ഞള്‍, തക്കാളി, കൊക്കോ, കിഴങ്ങുവിളകള്‍ തുടങ്ങി അഞ്ഞൂറോളം കാര്‍ഷിക വിളകളെ ആഫ്രിക്കന്‍ ഒച്ചുകള്‍ നശിപ്പിക്കും.

ഇവയുടെ ഭീമമായ പുറംതോടു നിര്‍മിക്കുന്നതിനായി കാല്‍സ്യം ആവശ്യമാണ്. അതിനായി കുമ്മായം, മണല്‍, ചുമര്, മതില്‍, തടി എന്നിവയും ഭക്ഷിക്കുന്നതിനാല്‍ വീടുകളിലേക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു. മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും രോഗങ്ങള്‍ പരത്താന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ക്കു കഴിയും. അതിനാല്‍ ഇവയെ അറിയുകയും നിയന്ത്രണ മാര്‍ഗങ്ങള്‍ മുന്‍കൂറായി സ്വീകരിക്കുകയും ചെയ്യേണ്ടേതുണ്ട്.

ഈ വര്‍ഷം മഴ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവയെ നിയന്ത്രിക്കാന്‍ പരിസരശുചിത്വം പാലിക്കണം. പറമ്പിലും കൃഷിയിടങ്ങളിലുമുള്ള കളകള്‍, കുറ്റിച്ചെടികള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ നശിപ്പിക്കുക. പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷിയിടങ്ങള്‍ ഒച്ചുകളുടെ വംശവര്‍ധനവിന് കാരണമാകുന്നു. ഇത്തരത്തിലുള്ള തോട്ടങ്ങള്‍ നന്നായി കിളച്ചുമറിച്ചിടണം.

ജലാംശവും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങള്‍ ഒച്ചുകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതിനാല്‍ അത്തരം സ്ഥലങ്ങള്‍ സൂര്യപ്രകാശം കിട്ടുന്നതരത്തില്‍ ക്രമീകരിക്കുക
വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതില്‍ കാബേജ് ഇലകള്‍, പപ്പായയുടെ ഇലകളും തണ്ടുകളും, തണ്ണിമത്തന്റെ തൊണ്ട് ഇവിയിലേതെങ്കിലും ഉപയോഗിച്ച് ഒച്ചുകളെ ആകര്‍ഷിക്കാവുന്നതാണ്.
ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ അതിരാവിലെ ശേഖരിച്ച് ഉപ്പുവെള്ളത്തില്‍ (250 ഗ്രാം ഉപ്പ് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഇട്ട് നശിപ്പിക്കേണ്ടതാണ്.
വീടുകളില്‍ കള്ള്/യീസ്റ്റ്- പഞ്ചസാരലായനി എന്നിവ കെണിയായി ഉപയോഗിക്കാം. പുകയില തുരിശ് ലായനി ഒച്ചുകള്‍ക്കെതിരേ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 25 ഗ്രാം പുകയില ഒന്നരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആക്കുക. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഈ രണ്ടു ലായനികളും കൂട്ടിച്ചേര്‍ത്ത് ഒച്ചിന് മേല്‍തളിക്കാവുന്നതാണ്.
വിളകളില്‍ ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെ ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാനാകും.
ഒച്ചുകളെ ശേഖരിക്കുമ്പോള്‍ കൈയുറകള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.