കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രായം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് റിസ്‌ക് ഘടകങ്ങള്‍ പലതാണ്. അണ്ഡാശയത്തില്‍ അര്‍ബുദകോശങ്ങള്‍ വളരുന്നത് ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. അര്‍ബുദം പുരോഗമിക്കുമ്പോള്‍ മാത്രമാണ് പരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്. അറിയാതെപോകുന്ന അണ്ഡാശയ അര്‍ബുദം തിരിച്ചറിയാന്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ ശ്രദ്ധിക്കാം.
പല കാരണങ്ങള്‍ മൂലം പലര്‍ക്കും വയറ്റില്‍ ഗ്യാസ് രൂപപ്പെടാറുണ്ട്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ ഇതിന്റെ കാരണവുമാണ്. എന്നാല്‍ ഇത് സാധാരണമാണെന്ന് കരുതി വയറ്റിലെ ഉരുണ്ട് കയറ്റവും വയര്‍വീര്‍ത്തിരിക്കലുമൊന്നും കാര്യമാക്കാറില്ല. അതുകൊണ്ടുതന്നെ അവ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണമായി പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാറുമില്ല.
പുറം വേദനയും ഇങ്ങനെതന്നെയാണ്. എല്ലുകളുടെയോ പേശികളുടെയോ പ്രശ്‌നമാണെന്നാണ് പലരും പൊതുവെ കരുതുക. എന്നാല്‍ ഇത് അണ്ഡാശയ അര്‍ബുദം കൊണ്ടും ഉണ്ടാകാറുണ്ട്. അതുകൊണ്ട് പതിവായി പുറംവേദന ഉണ്ടാകുന്നവര്‍ ഡോക്ടറെ ബന്ധപ്പെടണം. മലബന്ധം, അതിസാരം എന്നിവയും ദഹനപ്രശ്‌നമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഇത്തരം ലക്ഷണങ്ങള്‍ സ്ത്രീകളില്‍ അണ്ഡായശ അര്‍ബുദത്തിന്റെ സൂചനയായും ഉണ്ടാകാറുണ്ട്.
ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അണ്ഡാശയ അര്‍ബുദത്തിന്റെ അപകടസാധ്യത ഒരു പരിധി വരെ കുറയ്ക്കാനാകും. നിരന്തരമായ വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അര്‍ബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തടി കുറച്ച് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ശ്രമിക്കണം.
ഗര്‍ഭിണിയാകുന്നത് അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗവും അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കും.