Home അറിവ് നീറ്റ് ബ്രോഷറിൽ പ്രത്യേക കോളം; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി

നീറ്റ് ബ്രോഷറിൽ പ്രത്യേക കോളം; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷ ബ്രോഷർ തയ്യാറാക്കുമ്പോൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക കോളം ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയോടാണ് സുപ്രീം കോടതി നിർദേശിച്ചത്.

എന്തൊക്കെ ആനുകൂല്യങ്ങളാണ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന് ബ്രോഷറിൽ വ്യക്തമാക്കണമെന്നും നീറ്റ് പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരി​ഗണിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വിഷയത്തിൽ പരീക്ഷാകേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാർക്ക് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പരിശീലനം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി.

പരീക്ഷ പൂർത്തിയാക്കാൻ അധികസമയം അനുവദിച്ചില്ലെന്നും ഉത്തരക്കടലാസ് ഇൻവിജിലേറ്റർ തട്ടിപ്പറിച്ച് വാങ്ങിയെന്നും കാണിച്ച്, ഡിസ്​ഗ്രാഫിയ ബാധിച്ച വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കിൽ ​ഗ്രേസ് മാർക്ക് നൽകണമെന്നും അതുമല്ലെങ്കിൽ നെ​ഗറ്റീവ് മാർക്ക് രേഖപ്പെടുത്തരുതെന്നും പരാതി നൽകിയ വിദ്യാർത്ഥി ആവശ്യപ്പെട്ടു. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിക്ക് വേണ്ടി അഡ്വക്കേറ്റ് രൂപേഷ് കുമാർ ഹാജരായി. പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ​ഗ്രൗണ്ട് ലെവലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇൻവിജിലേറ്റർമാർക്കായി വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ ​ഗ്രൗണ്ട് ലെവലിൽ സ്ഥിതി​ഗതികൾ നിയന്ത്രിക്കാൻ ചിലപ്പോൾ സാധിക്കാറില്ല. രൂപേഷ് കുമാർ പറഞ്ഞു. പരീക്ഷ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനപരീക്ഷ നടത്തുന്നതും ​ഗ്രേസ് മാർക്ക് നൽകുന്നതും ബുദ്ധിമുട്ടാണെന്നും പ്രഖ്യാപിച്ച ഫലം മുഴുവൻ തിരുത്തേണ്ടി വരുമെന്നും അദ്ദേഹം വിശദമാക്കി.