അക്കൗണ്ട് വെരിഫേക്കഷനു വേണ്ടി വീഡിയോ സെൽഫി നടപ്പിലാക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. പല ഉപയോക്താക്കളോടും വീഡിയോ സെൽഫി അപ്ലോഡ് ചെയ്യാൻ ഇൻസ്റ്റാഗ്രാം ആവശ്യപ്പെടുന്നുണ്ട്. അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളിൽ നിന്ന് എടുത്ത വീഡിയോ സെൽഫി നൽകാൻ ഇൻസ്റ്റാഗ്രാം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
കഴിഞ്ഞ വർഷം ഈ ഫീച്ചർ കമ്പനി പരീക്ഷിക്കാൻ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ നിർത്തിയിരുന്നു. ബോട്ടുകളെ ഒതുക്കാനാണെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. വളരെക്കാലമായി ഇൻസ്റ്റാഗ്രാം ബോട്ട് അക്കൗണ്ടുകളുടെ പ്രശ്‌നവുമായി പോരാടുകയാണ്.
സംശയാസ്പദമായ പെരുമാറ്റമുള്ള അക്കൗണ്ടുകളോട് വീഡിയോ സെൽഫി സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഇൻസ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷൻസ് ടീം ട്വിറ്ററിൽ അറിയിച്ചു. ഫീച്ചർ ഫേഷ്യൽ റെക്കഗ്‌നിഷൻ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ആവർത്തിച്ചു, ‘അക്കൗണ്ടിന് പിന്നിൽ ഒരു യഥാർത്ഥ വ്യക്തിയുണ്ടോ’ എന്ന് സ്ഥാപിക്കാൻ അതിന്റെ ടീമുകൾ വീഡിയോകൾ അവലോകനം ചെയ്യുന്നു.