Home അറിവ് സൈബര്‍ സുരക്ഷാ അവബോധം പ്രധാനം; കുട്ടികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

സൈബര്‍ സുരക്ഷാ അവബോധം പ്രധാനം; കുട്ടികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

പൊതുവെ നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗം മുന്‍പത്തേക്കാള്‍ വളരെയധികം കൂടിയിരിക്കുകയാണ്. കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ വഴിയായതോടു കൂടി ഇത് കുട്ടികളിലേക്കും പകര്‍ന്നു. ഇന്റര്‍നെറ്റുമായി നമുക്ക് മാറ്റി നിര്‍ത്താനാവാത്ത ഒരുതരം ബന്ധമാണുള്ളത്. വാര്‍ഷിക അധ്യായനം മാത്രമല്ല, മറ്റ് നിരവധി കോഴ്സുകളും സ്‌കില്‍ ഡവലപ്പിംഗ് ടോപ്പിക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.

പക്ഷേ, ഇതിനു മറ്റൊരു വശം കൂടിയുണ്ട. ഇന്റര്‍നെറ്റ്, ഡിജിറ്റല്‍, ഗെയിമിങ്, മൊബൈല്‍ സാങ്കേതികതകള്‍ വഴി സൈബര്‍ വില്ലന്‍മാര്‍ ഏതു രൂപത്തിലും ഭാവത്തിലും എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാം. ഇത്തരം സൈബര്‍ ഭീഷണികള്‍ (Cyberbullying) കുട്ടികളില്‍ ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും വലിയ കോട്ടമുണ്ടാക്കിയേക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നല്ലതാണ്.

ഈ സാഹചര്യത്തില്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതും മനസ്സിലാക്കിയിരിക്കേണ്ടതുമായ പ്രധാനപ്പെട്ട സൈബര്‍ സുരക്ഷാ ടിപ്സുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ് ചുവടെ.
ന്മ ഊഷ്മളമായ രക്ഷാകര്‍തൃ ബന്ധം വളര്‍ത്തിയെടുക്കുന്നത് കുട്ടികളില്‍ ഉന്മേഷം പകരുന്നതിനും സൈബര്‍ സംഘര്‍ഷങ്ങളെ അതിജീവിക്കാനും സഹായിക്കും. ഭയമില്ലാതെ, പറയാന്‍ ലജ്ജിക്കുന്ന കാര്യങ്ങളെക്കുറിച്ചു പോലും സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ സൗഹൃദം നിലനിര്‍ത്തുക.

സൈബര്‍ ഭീഷണികളെക്കുറിച്ചു കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക. ഓണ്‍ലൈന്‍ ലോകത്തെക്കുറിച്ചും, അഭിമുഖീകരിച്ചേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചും, പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരുമായി സംസാരിക്കണമെന്നും എന്തുചെയ്യണമെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

കംപ്യൂട്ടര്‍ അടക്കമുള്ള ഇലക്രോണിക് ഉപകരണങ്ങള്‍ കുട്ടികള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കാതിരിക്കുക.

ുട്ടിയുടെ ഓണ്‍ലൈന്‍ കോണ്‍ടാക്റ്റുകള്‍/ സുഹൃത്തുക്കള്‍, അറിയാവുന്നവരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമാണെന്ന് ഉറപ്പാക്കുക.

ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക.

പാസ്വേഡും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ആരുമായും പങ്കിടരുത്.

ഓണ്‍ലൈന്‍ ബാങ്കിങ്-കാര്‍ഡ് വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.

അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് പ്രതീകങ്ങളുള്ള ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക. വ്യത്യസ്ത അക്കൗണ്ടുകള്‍ക്കായി വ്യത്യസ്ത പാസ്വേഡുകള്‍ ഉണ്ടായിരിക്കുന്നതും നല്ലതാണ്.

ഓണ്‍ലൈനില്‍ നിന്നുള്ള അനാവശ്യ അഭ്യര്‍ഥനകള്‍ വേണ്ടെന്ന് പറയാനുള്ള പക്വത കുട്ടികളില്‍ രൂപപ്പെടുത്തുക.

അറിയാത്ത ആളുകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുക.

കുട്ടികള്‍ ഉപയോഗിക്കുന്ന സൈറ്റുകളും ആപ്ലിക്കേഷനുകളും രക്ഷകര്‍ത്താക്കളും മനസ്സിലാക്കിയിരിക്കുക. ഓണ്‍ലൈനില്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക.

ഓണ്‍ലൈനില്‍ ഉറവിടങ്ങളുടെ വിശ്വാസ്യത വിലയിരുത്തുന്നതിന് ഡിജിറ്റല്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ കുട്ടിയെ സഹായിക്കുക.

ഇമെയിലുകളിലെ സ്പാം ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക, അപരിചിത മെയിലുകള്‍ തുറക്കാതിരിക്കുക.

അനാവശ്യമായി വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കാതിരിക്കുക.

കുട്ടിയുടെ അക്കൗണ്ട് / പ്രൊഫൈലില്‍ പ്രൈവസി അനുയോജ്യമായി ക്രമീകരിക്കുക.

ആധികാരിക / നിയമാനുസൃതമായ വെബ്സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

ആധികാരിക / നിയമാനുസൃതമായ സൈറ്റ് / സ്റ്റോര്‍ നിന്ന് മാത്രം ഡൗണ്‍ലോഡുകള്‍ ചെയ്യുക.

കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍ ശ്രദ്ധിക്കുക.

https പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ നല്‍കുന്നുവെന്ന് ഓര്‍മ്മിക്കുക.

ഡിവൈസുകളും ആപ്ലിക്കേഷനുകളും അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.

ന്മ വിശ്വാസ്യതയും ആധികാരികതയും ഉറപ്പാക്കിയ ശേഷം ആന്റിവൈറസ് / സുരക്ഷാ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുക. ആനുകാലികമായി ആന്റിവൈറസ് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക.

ഓപ്പറേറ്റിങ് സിസ്റ്റം അപ് ടു ഡേറ്റ് ആയി നിലനിര്‍ത്തുക.

കംപ്യൂട്ടറും മൊബൈല്‍ ഫോണും ലോക്കുചെയ്യുക.

ഉപയോഗത്തിലില്ലാത്തപ്പോള്‍ എല്ലായ്‌പ്പോഴും വെബ്ക്യാമുകള്‍ അണ്‍പ്ലഗ് ചെയ്യുക. അല്ലെങ്കില്‍ ആക്റ്റീവ് അല്ലാതാക്കുക.

പൊതുവായ ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്.

സുരക്ഷിതമല്ലാത്ത വൈഫൈ ഒരിക്കലും ഉപയോഗിക്കരുത്.

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) തെരഞ്ഞെടുക്കുന്നത് പാസ്വേഡുകളോ മറ്റ് തന്ത്രപ്രധാന വിവരങ്ങളോ മോഷ്ടിക്കാന്‍ കാത്തിരിക്കുന്ന ഹാക്കര്‍മാരില്‍ നിന്ന് പരിരക്ഷ നേടുന്നതിന് സഹായകമാണ്. വിദൂരമായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോഴും VPN തെരഞ്ഞെടുക്കുന്നത് നല്ലതാണ്.

മൊബൈല്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍, പ്ലാറ്റ്‌ഫോമുകളില്‍, ആപ്പുകളില്‍ Parental Control Settings സേവനം ഉപയോഗിക്കാം. അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് കുട്ടികളെ തടയുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ സജ്ജമാക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്ന സോഫ്റ്റ്വെയറുകളും (Parental Control Apps & Software) ലഭ്യമാണ്.

safesearch, restricted mode, supervised users തുടങ്ങിയ ഫില്‍റ്ററുകളും സംവിധാനങ്ങളും കുട്ടികളുടെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് പ്രയോഗിക്കാം.

അവശ്യ സമയത്തിലധികമുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്നും കുട്ടികളെ വിലക്കേണ്ടതാണ്.

അനാവശ്യ ഇടപെടലുകള്‍ നടത്തുന്നവരെ ബ്ലോക്ക് ചെയ്യുക.

അപരിചിതരുടെ കോളാണ് വരുന്നതെങ്കില്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യരുത്.

ഓണ്‍ലൈനില്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ആലോചിച്ചുറപ്പിച്ചതിനുശേഷം നല്‍കുക. ഡിജിറ്റല്‍ ഫുട്പ്രിന്റുകള്‍ വ്യക്തിത്വം പ്രതിനിധാനം ചെയ്യുന്നു.

കുറ്റകരമായ സന്ദേശങ്ങള്‍ തയാറാക്കുന്നതും അപകീര്‍ത്തികരമായ ട്രോളുകള്‍ സൃഷ്ടിക്കുന്നതും, മറ്റൊരാള്‍ തയാറാക്കിയ കുറ്റകരമായ മെസേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവ ഫോര്‍വേര്‍ഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്ന് ഓര്‍മിക്കുക

നമ്മുടേത് പോലെ പോലെ മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുക.

സൈബര്‍ ഭീഷണികള്‍ നേരിടേണ്ടി വന്നാല്‍ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക.

Online Class (Photo – kailash825/Shutterstock)
കുട്ടികളെ ലക്ഷ്യമിട്ട് നിരവധി കുറ്റകൃത്യങ്ങള്‍ സൈബര്‍ മേഖലയില്‍ ഉണ്ടാകാറുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ

ഫിഷിംഗ് (Phishing): യഥാര്‍ഥ ഉറവിടമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ നിര്‍മിക്കുന്ന സൈറ്റുകള്‍, ഇ മെയിലുകള്‍ – സമൂഹ മാധ്യമ വെബ്‌സൈറ്റുകള്‍ വഴി വ്യാജ സന്ദേശങ്ങള്‍ നല്‍കി കെണിയില്‍ പെടുത്തി വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നു.

സ്പൂഫിംഗ് (Spoofing): വ്യക്തികളുടെ യഥാര്‍ഥ വിലാസം മറച്ചുവെച്ചുള്ള തട്ടിപ്പാണിത്. ഫിഷിങ്ങിന്റെ മറ്റൊരു രൂപം

ക്യാമറ ഹാക്കിങ് (Camera Hacking): ലാപ്ടോപ്പിലെയോ മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെ ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ കഴിയുന്നതാണ് ക്യാമറ ഹാക്കിങ്. ഇങ്ങനെ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ പലതും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കടന്നു കൂടുന്ന വൈറസുകള്‍, മാല്‍വെയറുകള്‍ വഴിയാണ്. അതുകൊണ്ട് വ്യക്തമായ ധാരണയില്ലാത്ത ഒന്നും ഡൗണ്‍ലോഡ് ചെയ്യരുത്.

ഡീപ് ഫേക്ക്‌സ് (Deepfakes): ചിത്രത്തിന്റെയോ വിഡിയോയുടെയോ, ചിത്രവും ശബ്ദവും ചലനവും മാറ്റി ഒറിജിനലിനെ പോലെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ വ്യാജന്‍ നിര്‍മിക്കുന്നു. അതിനാല്‍ ആധികാരികത ഉറപ്പില്ലാത്ത ഒന്നും പ്രോത്സാഹിപ്പിക്കുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യരുത്.

സൈബര്‍ സ്റ്റാക്കിങ് (Cyberstalking) : നമ്മളെക്കുറിച്ചുള്ള സെന്‍സിറ്റീവ് / സ്വകാര്യ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയോ മറ്റോ ശേഖരിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുക.

ഫ്രാപിങ് (Fraping) : കുട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി അനുചിതമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതരം ഭീഷണി.

ഫ്‌ലേമിംഗ് (Flaming) : ഇത് ഇമെയിലുകള്‍, തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ അല്ലെങ്കില്‍ ചാറ്റ് റൂമുകള്‍ വഴി കൈമാറ്റം ചെയ്യുന്ന ഒരു തരം പൊതു ഭീഷണിപ്പെടുത്തലാണ്.

ട്രിക്കറി (Trickery) : ഉപദ്രവകാരി ഒരിക്കല്‍ വിശ്വാസം നേടിയെടുക്കുകയും, പിന്നീട് അതുപയോഗപ്പെടുത്തി ഇരയുടെ രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും കൈക്കലാക്കി മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു.

ഔട്ടിങ്/ഡോക്‌സിങ് (Outing / Doxing) : സമ്മതമില്ലാതെ, ക്ഷുദ്രകരമായ ആവശ്യങ്ങള്‍ക്കായി സെന്‍സിറ്റീവ് അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ അല്ലെങ്കില്‍ ഇമേജുകള്‍ തുടങ്ങിയവ പരസ്യമായി വെളിപ്പെടുത്തുന്ന പ്രവൃത്തിയാണിത്.

ഡൈസിങ് (Dicing) : പൊതു പോസ്റ്റുകളിലൂടെയോ സ്വകാര്യ സന്ദേശങ്ങളിലൂടെയോ ക്രൂരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു.

സെക്സിറ്റിങ് (Sexting) : ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോഗ്രാഫുകള്‍, വിഡിയോ, മറ്റ് സന്ദേശങ്ങള്‍ തുടങ്ങിയവ അയയ്ക്കുക.

സെക്‌സ്റ്റോര്‍ഷന്‍ (Sextortion) : ലൈംഗിക ചൂഷണങ്ങള്‍ക്ക് വേണ്ടി സൈബര്‍ ഭീഷണികള്‍ നേരിടാം.