Home അറിവ് ഗാര്‍ഹിക പീഡന പരാതി എളുപ്പം നല്‍കാം; തപാല്‍ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി

ഗാര്‍ഹിക പീഡന പരാതി എളുപ്പം നല്‍കാം; തപാല്‍ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി

ഗാര്‍ഹിക പീഡനത്തില്‍ ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ പരാതി നല്‍കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം. രക്ഷാദൂത് എന്ന പദ്ധതിയാണ് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്നത്.

തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്തുള്ള പോസ്റ്റ് ഓഫിസിലെത്തി തപാല്‍ എന്ന കോഡ് പറയണം. ശേഷം പോസ്റ്റ് മാസ്റ്റര്‍/ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോട് കൂടിയോ അല്ലാതെയോ പിന്‍കോഡ് സഹിതമുള്ള സ്വന്തം മേല്‍വിലാസം എഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം.

വെള്ള പേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് തപാല്‍ എന്ന് രേഖപ്പെടുത്തണം. ഇതില്‍ സ്റ്റാംപ് പതിക്കേണ്ടതില്ല. ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസം എഴുതിയ പേപ്പറുകള്‍ പോസ്റ്റ് മാസ്റ്റര്‍ / പോസ്റ്റ് മിസ്ട്രസ് സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഇ മെയില്‍ വഴി അയച്ചു കൊടുക്കും.

ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതി ജില്ലയിലെ വനിതാസംരക്ഷണ ഓഫിസറും കുട്ടികള്‍ക്ക് എതിരെയുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസറും അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.

പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടുത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാല്‍ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല.