Home ആരോഗ്യം കാന്‍സറിന്റെ പ്രധാന കാരണം മദ്യപാനം; പുതിയ പഠനഫലം പുറത്ത്

കാന്‍സറിന്റെ പ്രധാന കാരണം മദ്യപാനം; പുതിയ പഠനഫലം പുറത്ത്

കാന്‍സറിന്റെ പ്രധാന കാരണം മദ്യപാനമാണെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞവര്‍ഷം രാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനവും മദ്യപാനം മൂലമുണ്ടായതാണെന്നാണ് വിവരം. അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ് ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ 62,100 കാന്‍സര്‍ കേസുകള്‍ ഇത്തരത്തിലുള്ളതാണെന്നാണ് പഠനം. ആഗോളതലത്തില്‍, 2020ല്‍ 740,000 കേസുകള്‍, അല്ലെങ്കില്‍ കാന്‍സര്‍ കേസുകളില്‍ നാല് ശതമാനത്തിലധികവും മദ്യപാനം കാരണമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുരുഷന്‍മാരിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 77 ശതമാനം (568,700 കേസുകള്‍) ആണ് പുരുഷന്‍മാരില്‍ മദ്യപാനം കാരണം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളില്‍ ഇത് 23 ശതമാനം മാത്രമാണ് (172,600 കേസുകള്‍). അന്നനാളം, കരള്‍, ബ്രെസ്റ്റ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പല യൂറോപ്യന്‍ രാജ്യങ്ങളിലും മദ്യപാനികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും, ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്ത്യ, ഉപ-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപനം മദ്യപാനത്തിന്റെ തോത് വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. ദോഷകരമായ രാസവസ്തുക്കളുടെ വര്‍ദ്ധിച്ച ഉല്‍പാദനത്തിലൂടെ മദ്യപാനം ഡിഎന്‍എയ്ക്ക് നാശമുണ്ടാക്കുമെന്നും ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

പുകയില പോലുള്ള മറ്റ് വസ്തുക്കളുടെ ഉപയോഗം കാരണമുണ്ടാകുന്ന കാന്‍സറിനെ മദ്യപാനം കൂടുതല്‍ ഗുരുതരമാക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ദിവസേന രണ്ട് പെഗ് മദ്യം കഴിക്കുന്നത് മിതമായ മദ്യപാനമെന്നാണ് കണക്കാക്കുന്നത്. ആറ് പെഗുവരെ കഴിക്കുന്നത് അപകടകരമായ മദ്യപാനമാണെന്നും ആറ് പെഗിന് മുകളില്‍ കഴിക്കുന്നത് അതീവ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാന്‍സറിന് കൂടുതല്‍ കാരണമാകുന്നത് ഇത്തരത്തിലുള്ള അമിത മദ്യപാനമാണ്. അമിത മദ്യപാനം 39 ശതമാനം പേര്‍ക്കാണ് കാന്‍സര്‍ വരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ മിതമായ മദ്യാപാനം കാരണം 14 ശതമാനം പേര്‍ക്കും രോഗം വന്നിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.