Home അറിവ് ഈ ശീലങ്ങള്‍ ഒഴിവാക്കൂ; ഇവ എല്ലുകളെയും സന്ധികളെയും ദുര്‍ബലമാക്കും

ഈ ശീലങ്ങള്‍ ഒഴിവാക്കൂ; ഇവ എല്ലുകളെയും സന്ധികളെയും ദുര്‍ബലമാക്കും

പ്രായം മാത്രമല്ല സന്ധിവേദനയിലേക്ക് നയിക്കുന്ന ഒരേയൊരു ഘടകം. സന്ധി വേദനയെക്കുറിച്ച് പരാതിപ്പെടാതെ നല്ല ഊര്‍ജസ്വലരായി ജീവിക്കുന്ന നിരവധി മുതിര്‍ന്ന പൗരന്മാരെ നമ്മുടെ ചുറ്റിലും കാണാനാകും. ദുര്‍ബലമായ എല്ലുകളിലേക്കും സന്ധിവേദനയിലേക്കും നയിക്കുന്ന ചില ദുശ്ശീലങ്ങളുണ്ട്. ഇവയെ നിയന്ത്രിച്ച് നിര്‍ത്തുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്താല്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം കാത്ത് മെച്ചപ്പെട്ട ജീവിതം നയിക്കാനാകും. എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കാം.

പുകവലി
പുകവലിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കല്‍സ് ശ്വാസകോശത്തിനു മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും ഹാനികരമാണ്. പുകയില ഉപയോഗിക്കുന്നവര്‍ക്ക് എല്ലുകളുടെ സാന്ദ്രത കുറവായിരിക്കും. എല്ലുകളെ നിര്‍മിക്കുന്ന കോശങ്ങളെ ഫ്രീ റാഡിക്കലുകള്‍ നശിപ്പിക്കുന്നു. സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കൂട്ടുന്ന പുകവലി എല്ലുകളുടെ ആരോഗ്യം നില നിര്‍ത്തുന്ന കാല്‍സിടോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. എല്ലൊടിയുമ്പോള്‍ അവ വീണ്ടും പഴയത് പോലെയാകുന്ന പ്രക്രിയയെയും പുകവലി വൈകിപ്പിക്കുന്നു.

ഉദാസീനത
ദേഹം അനങ്ങാതെ ഉദാസീനമായി ജീവിക്കുന്നതും എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. പേശികള്‍ ചലിക്കുമ്പോഴാണ് എല്ലുകള്‍ക്ക് ദൃഢത കൈവരുന്നത്. നടത്തം പോലെയുള്ള വ്യായാമങ്ങള്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

അമിത മദ്യപാനം
മദ്യപാനവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉത്പാദനം വര്‍ധിപ്പിക്കും. എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ തോതും മദ്യപാനം കുറയ്ക്കും.

ഉപ്പ് കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം
ഉപ്പിന്റെ ഉപയോഗം കൂടുമ്പോള്‍ എല്ലുകളുടെ സാന്ദ്രത കുറയുന്നു. സോഡിയം തോത് ഉയരുമ്പോള്‍ ശരീരം കൂടുതല്‍ കാല്‍സ്യം മൂത്രത്തിലൂടെ പുറത്ത് വിടുന്നു, ഒരു ദിവസം ഒരു ഗ്രാം ഉപ്പ് അധികം കഴിക്കുന്നതിലൂടെ മുതിര്‍ന്ന ഒരു സ്ത്രീ ഓരോ വര്‍ഷവും 1 % വീതം എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുത്തുന്നതായാണ് കണക്ക്. അതിനാല്‍ പ്രതിദിനം 2300 മില്ലി ഗ്രാമില്‍ കൂടുതല്‍ സോഡിയം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 1500 മില്ലിഗ്രാം പോലും സോഡിയം ആവശ്യമില്ല.

വീടിനുള്ളില്‍ അടച്ചിരിക്കല്‍
എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. വൈറ്റമിന്‍ ഡി ശരീരത്തിലുണ്ടാകുന്നത് ശരീരം സൂര്യപ്രകാശമേല്‍ക്കുമ്പോഴാണ്. ആവശ്യത്തിന് സമയം വീടിന് പുറത്തു ചെലവഴിച്ചാല്‍ മാത്രമേ വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാവുകയുള്ളൂ. ഇനി കോവിഡ് പോലെയുള്ള സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ നിങ്ങളെ തളച്ചിടുന്ന പക്ഷം, സാല്‍മണ്‍, മുട്ടയുടെ മഞ്ഞക്കരു, വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവ ധാരാളമായി കഴിക്കാന്‍ ശ്രമിക്കണം.