
റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം അന്താരാഷ്ട്ര യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണിത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നഗ്‌നമായ നിയമലംഘനമാണെന്ന് അറിയിച്ചുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അറിയിപ്പ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്താന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തൊനേഷ്യ, ലെബനന്‍, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് സൗദി വിലക്കിയിരിക്കുന്നത്.
വിലക്കുകള്‍ വകവെക്കാതെ ചില സൗദി പൗരന്മാര്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചെന്നും ഇവര്‍ നിയമനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരിമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ നടപടികള്‍ക്കും മടങ്ങിയെത്തുമ്പോള്‍ കനത്ത പിഴയ്ക്കും വിധേയരാകും.
കൂടാതെ, അടുത്ത മൂന്ന് വര്‍ഷം ഇവര്‍ക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും മന്ത്രാലയം അറിയിച്ചു.