Home ആരോഗ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍

ക്തസമ്മര്‍ദ്ദം കീഴ്‌പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. മാറി വരുന്ന ജീവിതരീതിയാണ് പ്രധാന വില്ലന്‍. ശരിയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഈ രോഗത്തെ തടയാന്‍ സാധിക്കും. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതില്‍ തന്നെ പൊട്ടാസ്യവും വൈറ്റമിന്‍ സിയും കൂടുതലുളളവയാണ് ഏറ്റവും അനുയോജ്യം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വിവിധയിനം ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ) രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഡയറി ഉല്‍പ്പന്നങ്ങള്‍ സഹായിക്കും. പ്രത്യേകിച്ച് തൈര് സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതിനാല്‍ പാലും പാല്‍ക്കട്ടിയും തൈരുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് വെളുത്തുള്ളി. അതിനാല്‍ പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇഞ്ചി എല്ലാ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാനുള്ള കഴിവും ഇഞ്ചിക്കുണ്ട്.

ഇലക്കറികള്‍ ധാരാളമായി കഴിക്കേണ്ടതുണ്ട്. ചീര, ബ്രൊക്കോളി പോലുള്ളവ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഗ്‌നീഷ്യം, അയണ്‍, വൈറ്റമിന്‍ സി എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.

പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് കിവി. കിവിയില്‍ പൊട്ടാസ്യവും വൈറ്റമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തനും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഫൈബറുകളും, പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റായ ‘ലൈക്കോപിന്‍’ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.