Home ആരോഗ്യം ഡെല്‍റ്റ പ്ലസിനെതിരെ കോവാക്‌സിന്‍ ഫലപ്രദം; ഐസിഎംആര്‍ പഠനം പുറത്ത്

ഡെല്‍റ്റ പ്ലസിനെതിരെ കോവാക്‌സിന്‍ ഫലപ്രദം; ഐസിഎംആര്‍ പഠനം പുറത്ത്

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്‍ ഫലപ്രദമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഐസിഎംആറിന്റെയും പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിന്‍ ആണ് കോവാക്സിന്‍.

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം വന്നാണ് ഡെല്‍റ്റ പ്ലസ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. കോവാക്സിന്‍ രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇതു ഫലപ്രദമാണെന്നു തെളിഞ്ഞതായി ഐസിഎംആര്‍ പറയുന്നു. ഡെല്‍റ്റയെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കും എന്നതാണ് ഡെല്‍റ്റ പ്ലസിന്റെ പ്രത്യേകത.

നിലവില്‍ രാജ്യത്ത് 70 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു