Home ആരോഗ്യം ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം മുഴുവന്‍ തുക ലഭിക്കാത്തതെന്ത്?; കാരണമറിയാം

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം മുഴുവന്‍ തുക ലഭിക്കാത്തതെന്ത്?; കാരണമറിയാം

രോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടാറില്ല. എന്നാല്‍ അര്‍ഹമായ ക്ലെയിം തുക കിട്ടാതിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഏതൊരു പോളിസിയിലും കവര്‍ ചെയ്യാത്ത റിസ്‌കുകള്‍ക്ക് ക്ലെയിം ലഭിക്കില്ല. ആദ്യമായി പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് 24 മുതല്‍ 48 മാസം വരെ കാത്തിരുന്നാലെ ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ.

പോളിസിയില്‍ ചേര്‍ന്ന് ആദ്യ 30 ദിവസം പിടിപെടുന്ന അസുഖങ്ങള്‍, ഒന്നു മുതല്‍ നാല് വര്‍ഷം വരെ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങള്‍ എന്നിവയും ഇതില്‍ പെടുന്നു. പോളിസിയില്‍ പറയുന്ന മുറിവാടകയെക്കാള്‍ കൂടുതല്‍ നിരക്കിലുള്ള മുറിയെടുത്ത് ചികിത്സിച്ചാലും നമുക്കു കിട്ടേണ്ട ക്ലെയിം തുക ആനുപാതികമായി കുറയാനിടയുണ്ട്. ചില പോളിസികളില്‍ ചില പ്രത്യേക അസുഖങ്ങള്‍ക്ക് ചികിത്സാ ചെലവുകള്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്.

പക്ഷേ, അതിനെക്കാള്‍ കൂടിയ നിരക്കില്‍ ചികിത്സിച്ചാലും നമുക്ക് നഷ്ടമുണ്ടാകും. ഇതിനെ ‘സബ് ലിമിറ്റ്’ എന്നാണ് പറയുന്നത്. മറ്റു ചില പോളിസിയിലാകട്ടെ, ചികിത്സാ ചെലവിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെ ‘കോ പേയ്മെന്റ്’ എന്നാണ് പറയുന്നത്.

പോളിസിയില്‍ ചേരുന്ന സന്ദര്‍ഭത്തില്‍ നിലവില്‍ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ അപേക്ഷാ ഫോമില്‍ നല്‍കേണ്ടതുണ്ട്. ഇത് നല്‍കാതിരുന്നാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് ഭാവിയില്‍ ചികിത്സിക്കേണ്ടി വരികയാണെങ്കില്‍ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്. എല്ലാ പോളിസികളിലും ഒരിക്കലും നല്‍കാന്‍ കഴിയാത്ത ആശുപത്രി ചെലവുകള്‍ നിലവിലുണ്ട്. ഇതിനെ ‘പെര്‍മെനന്റ് എക്‌സ്‌ക്ലൂഷന്‍സ്’ എന്നാണ് പറയുന്നത്.

ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സിക്കണം. അതല്ലാതെ ഔട്ട് പേഷ്യന്റായി ചികിത്സിച്ചാല്‍ കമ്പനികള്‍ ക്ലെയിം നല്‍കില്ല. പക്ഷേ, ഡേ കെയര്‍ ചികിത്സാ വിധികള്‍ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ആവശ്യമില്ല. ആശുപത്രി ബില്ലുകള്‍, പരിശോധന റിപ്പോര്‍ട്ടുകള്‍, ഡിസ്ചാര്‍ജ് കാര്‍ഡ്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഒറിജിനല്‍ മാത്രമേ ക്ലെയിം നല്‍കാനായി കമ്പനികള്‍ സ്വീകരിക്കുകയുള്ളൂ. കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ ക്ലെയിം റിപ്പോര്‍ട്ട് ചെയ്ത് രേഖകളെല്ലാം സമര്‍പ്പിച്ചിരിക്കണം.

ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ക്ക് വൈദഗ്ധ്യം ഇല്ലെങ്കില്‍ പലപ്പോഴും തെറ്റുകള്‍ സംഭവിക്കാറുണ്ട്. ക്ലെയിം തീര്‍പ്പാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം തുക കുറച്ചു മാത്രം നല്‍കുന്ന പ്രവണതയും അങ്ങിങ്ങായി കാണുന്നുണ്ട്.

ക്ലെയിം തീര്‍പ്പാക്കുന്ന തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സ്റ്റാഫിന്റെ പിഴവുകള്‍ പലപ്പോഴും പോളിസി ഉടമയ്ക്ക് വിനയായി വരാറുണ്ട്. അവസാനമായി പോളിസി വിപണനം ചെയ്യുന്നവരും ചിലപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വിപണനം ചെയ്യുന്നതുമൂലം നഷ്ടങ്ങള്‍ സംഭവിക്കുന്നത് പോളിസി ഉടമകള്‍ക്കാണ്. അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്‌പോള്‍ മുതല്‍ അതിനെ സസൂക്ഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം.

അര്‍ഹമായ തുക കിട്ടാത്ത സാഹചര്യത്തില്‍ അതത് ഇന്‍ഷുറന്‍സ് കമ്പനികളുടെ പരാതി പരിഹാര സെല്ലില്‍ പരാതിപ്പെടാം. എന്നിട്ടും, നീതി കിട്ടിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ഓഫീസിലേക്കോ അതല്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയിലോ പരാതി നല്‍കാവുന്നതാണ്.