Home വാണിജ്യം മൊത്തത്തില്‍ മാറി വര്‍ക്ക് ഫ്രം ഹോം; ഇനി വര്‍ക്ക് ഫ്രം ലൊക്കേഷന്‍

മൊത്തത്തില്‍ മാറി വര്‍ക്ക് ഫ്രം ഹോം; ഇനി വര്‍ക്ക് ഫ്രം ലൊക്കേഷന്‍

ര്‍ക്ക് ഫ്രം ഹോം എന്ന രീതി വളരെ ജനകീയമായത് ഒരുപക്ഷേ ലോക്ഡൗണ്‍ വന്നതോടെ ആയിരിക്കും. എന്നാല്‍ നമ്മള്‍ കേട്ടും ചെയ്തും ശീലിച്ച വര്‍ക്ക് ഫ്രം ഹോം രീതി, വര്‍ക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുകയാണ്. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളില്‍ ഇതിന് തുടക്കമായിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികള്‍ ഇതിനായി ഓഗസ്റ്റ് അവസാനം തന്നെ ജീവനക്കാരെ ഘട്ടങ്ങളായി തിരിച്ച് വിളിക്കുന്നുണ്ട്. കമ്പനിക്ക് ചുറ്റുമായി ചലനമറ്റുപോയ വിപണിക്കാണ് ഇതേറ്റവും ഗുണം ചെയ്യുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓഫീസില്‍ എത്തുകയും ബാക്കി ദിവസം കമ്പനിക്കടുത്ത് താമസിച്ച് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ‘ഹൈബ്രിഡ്’ രീതിയും നിര്‍ദേശിക്കുന്നുണ്ട്.

ബെംഗളൂരുവില്‍ 2022 ഡിസംബര്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരണമെന്ന് ഐടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. കമ്പനികള്‍ കൂടുതലുള്ള ഔട്ടര്‍ റിങ് റോഡ് ഭാഗത്ത് മെട്രോയുടെ പണികള്‍ നടക്കുന്നതാണ് കാരണം. എന്നാല്‍, ഇങ്ങനെയുള്ള വര്‍ക്ക് ഫ്രം ഹോം ബെംഗളൂരുവില്‍ തന്നെ ആക്കുന്നതിനാണ് കമ്പനികളുടെ ശ്രമം നടക്കുന്നത്.

വര്‍ക്ക് ഫ്രം ലൊക്കേഷന്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുള്ള താത്പര്യം കൂടിയുണ്ടെന്നാണ് വിവരം. ഐടി അടക്കമുള്ള മേഖലകളിലെ വര്‍ക്ക് ഫ്രം ഹോം മൂലം നിര്‍ജീവമായത് കമ്പനികള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ വിപണിയാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ കമ്പനികളില്‍ നിന്നായി അവരവരുടെ വീടുകളിലേക്ക് പോയത്. വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കാബ് ഇന്‍ഡസ്ട്രി, ടീ-കോഫി ഷോപ്പുകള്‍, പേയിങ് ഗസ്റ്റ് സംവിധാനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇത് ബാധിച്ചിട്ടുണ്ട്.

ലോക്ഡൗണും തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമും വന്നതോടെ ബെംഗളൂരു നഗരത്തില്‍ നൂറുകണക്കിന് ഫ്‌ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓഫീസില്‍ വരണമെന്ന രീതി നടപ്പാക്കുമ്പോഴും ജീവനക്കാര്‍ക്ക് കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്ത് തങ്ങാതെ പറ്റില്ല. എന്നാല്‍, കുറച്ചുകൂടി അടുത്ത സ്ഥലങ്ങളില്‍ ഓഫീസ്സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയുമുണ്ട്. ബെംഗളൂരുവിലെ കമ്പനിയില്‍ ജോലിചെയ്യുന്ന വിദൂരദേശക്കാര്‍ക്കായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം എത്തുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. ഇങ്ങനെവരുമ്പോഴും ഫലത്തില്‍ ഈ സ്ഥലങ്ങളില്‍ത്തന്നെ താമസിച്ച് ബാക്കി ദിവസം വര്‍ക്ക് ഫ്രം ഹോം ചെയ്യേണ്ടിവരും.