Home അറിവ് വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ അഞ്ച് ഗ്രാന്റ്മാസ്റ്റേഴ്‌സുമായി ചെസ്സ് കളിക്കാന്‍ അവസരം

വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ അഞ്ച് ഗ്രാന്റ്മാസ്റ്റേഴ്‌സുമായി ചെസ്സ് കളിക്കാന്‍ അവസരം

ഞ്ച് വട്ടം ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദും മറ്റ് നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാരും ഓണ്‍ലൈന്‍ വഴി മറ്റ് ചെസ്സ് താരങ്ങളുമായി മത്സരിക്കും. കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ 5 ഗ്രാന്‍ഡ്മാസ്റ്ററുകള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ചയാണ് മത്സരം. എഫ്‌ഐഡിഇ റേറ്റിങ്ങില്‍ 2000ല്‍ താഴേയുള്ളവര്‍ക്കും ചെസ്.കോം ബ്ലിറ്റ്‌സ് ഉള്ളവര്‍ക്കും ലോക മുന്‍ ചാമ്പ്യന്‍ ആനന്ദുമായി ചെസ് കളിക്കാം. ഇതിനായി 150 യുഎസ് ഡോളറാണ് നല്‍കേണ്ടത്. മറ്റ് ഗ്രാന്‍ഡ്മാസ്റ്ററുകള്‍ക്കൊപ്പം കളിക്കേണ്ടതിന് 25 യുഎസ് ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.

ചെസ്.കോമില്‍ മത്സരം നടക്കുന്ന സമയവും ആളുകള്‍ക്ക് ധനസഹായം നല്‍കാം. ആനന്ദിനെ കൂടാതെ കൊനേരു ഹംപി, ദ്രോണവല്ലി ഹരിക, നിഹല്‍ സരിന്‍, പ്രാഗ്‌നാനന്ദ രമേശ്ബാബു എന്നിവരാണ് ധനസമാഹരണത്തിന് വേണ്ടി കളിക്കാനിറങ്ങുന്ന മറ്റ് ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ്. റെഡ്‌ക്രോസ് ഇന്ത്യയും ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്റെ ചെക്ക്‌മേറ്റ് കോവിഡ് ക്യാംപെയ്‌നിന്റേയും ഭാഗമായാണ് മത്സരം.

ഒരേ സമയം നൂറ് മത്സരങ്ങളാണ് നടക്കുക. 30 മിനിറ്റും 30 സെക്കന്റ് ഇന്‍ക്രിമെറ്റുമാണ് കളിയില്‍ അനുവദിക്കുക എന്ന് ചെസ്.കോം വ്യക്തമാക്കി. അധികം അവസരങ്ങള്‍ ഇല്ലാ എന്നിരിക്കെ പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാനാണ് താരങ്ങള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഡാനി റെന്‍ഷും സമയ് റെയ്‌നയുമാവും ലൈവ്‌സ്ട്രീമിങ്ങില്‍ അവതാരകരായി എത്തുക.