Home ആരോഗ്യം കഴുത്തുവേദന വില്ലനാകുന്നുണ്ടോ?; ഈ വ്യായാമങ്ങള്‍ ശീലമാക്കൂ

കഴുത്തുവേദന വില്ലനാകുന്നുണ്ടോ?; ഈ വ്യായാമങ്ങള്‍ ശീലമാക്കൂ

രുപാട് സമയം കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്ത് കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം പലര്‍ക്കും വേദന തുടങ്ങും. വര്‍ക് ഫ്രം ഹോം കൂടി ആയതോടെ കഴുത്തുവേദന അനുഭവിക്കുന്നവരുടെ എണ്ണവും കൂടി. ഓണ്‍ലൈന്‍ പഠനം സ്‌കൂള്‍ കുട്ടികളിലും കഴുത്തുവേദന സൃഷ്ടിച്ചിരിക്കുന്നു. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം.

കഴുത്തിലെ കശേരുക്കള്‍ക്കു തേയ്മാനം വരുന്നതു മൂലമുള്ള സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്. ആദ്യം വേണ്ടത് ശരിയായ രീതിയില്‍ ഇരിക്കുക എന്നതാണ്. ഇരിപ്പു ശരിയായ രീതിയിലാക്കിയാല്‍തന്നെ കഴുത്തുവേദനയ്ക്കു കുറവു വരും.

നടുവും തലയും നിവര്‍ത്തി വേണം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍. കണ്ണുകള്‍ കംപ്യൂട്ടറിന്റെ സ്‌ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാല്‍ മുട്ടുകള്‍ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാല്‍ തറയില്‍ നിന്നും ഉയര്‍ത്തിവയ്ക്കണം.

കൂടാതെ, നട്ടെല്ലില്‍ കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികള്‍ക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിര്‍ത്താനും ദിവസവും ഇടയ്ക്കിടെ ചില വ്യായാമങ്ങള്‍ ചെയ്യാം.
കഴുത്തിന്റെ ചലനശേഷിക്കായുള്ള വ്യായാമങ്ങള്‍
നേരെ നോക്കി നില്‍ക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും സാവധാനം ചലിപ്പിക്കാം.

ഇടത്തേ തോളിലേക്ക് തലചരിച്ചു ചെവി തോളില്‍ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യാം. 10-15 തവണ ആവര്‍ത്തിക്കണം.
ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ പതുക്കെ വട്ടം കറക്കുക. കറക്കുമ്പോള്‍ താടിയെല്ല് നെഞ്ചില്‍ തൊട്ടുവേണം പോകാന്‍. വാ അടച്ചു പിടിക്കാനും ശ്രദ്ധിക്കണം. പലതവണ ആവര്‍ത്തിക്കാം.
പേശികള്‍ ശക്തമാക്കാന്‍
കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താന്‍ വ്യായാമങ്ങളുണ്ട്.

കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് തലയ്ക്കു പുറകില്‍ ചേര്‍ത്തു പിടിക്കുക. കൈവെള്ളയും തലയും പരസ്പരം ശക്തിയായി അമര്‍ത്തുക. ഇങ്ങനെ അഞ്ചു സെക്കന്റ് മുറുകെ പിടിക്കണം.

കൈവിരലുകള്‍ മടക്കി മുഷ്ടി ചുരുട്ടി താടിയെല്ലിന്റെ താഴെനിന്ന് മുകളിലേക്ക് അമര്‍ത്തുക. അഞ്ചു സെക്കന്റ് ഇങ്ങനെ അമര്‍ത്തി പിടിക്കണം.

ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമര്‍ത്തുക. അഞ്ചു സെക്കന്റ് നേരം ഇങ്ങനെ തുടരാം.

ഈ വ്യായാമങ്ങള്‍ കടുത്ത വേദനയുള്ളപ്പോള്‍ ചെയ്യരുത്. വ്യായാമം ചെയ്യുമ്പോള്‍ വേദന അനുഭവപ്പെട്ടാലും ഉടന്‍ നിര്‍ത്തിവയ്ക്കണം.