Home വാണിജ്യം 5 ജിയിൽ ചരിത്രംകുറിച്ച് വി-ഐ; സെക്കന്‍ഡില്‍ 3.7 ജിബി ഡൗൺലോഡ് വേഗത

5 ജിയിൽ ചരിത്രംകുറിച്ച് വി-ഐ; സെക്കന്‍ഡില്‍ 3.7 ജിബി ഡൗൺലോഡ് വേഗത

ജിയോ അടക്കം ഇന്ത്യയിലെ മറ്റൊരു ടെലികോം സേവനദാതാവിനും കൈവരിക്കാനാവാത്ത വേഗതയുമായി വോഡഫോൺ–ഐഡിയ. പുണെയില്‍ നടന്ന 5ജി പരീക്ഷണഘട്ടത്തില്‍ സെക്കന്‍ഡില്‍ 3.7 ഗിഗാബിറ്റ് (gbps) വേഗം രേഖപ്പെടുത്തി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം, മിഡ്ബാന്‍ഡില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 1.5 ജിബിപിഎസ് വേഗം പുണെയിലും ഗാന്ധിനഗറിലും കൈവരിച്ചുവെന്നും കമ്പനി അറിയിച്ചു.
വോഡഫോണ്‍ ഐഡിയയ്ക്ക് ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളായ 26 ഗിഗാഹെട്‌സും മറ്റും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (ഡോട്ട്) നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ പരമ്പരാഗതമായ 3.5 ഗിഗാഹെട്‌സ് സ്‌പെക്ട്രം ബാന്‍ഡിലുള്ള 5ജിയും പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

പുണെയില്‍ തങ്ങളുടെ 5ജി പരീക്ഷണങ്ങള്‍ ലാബ് സെറ്റ്-അപ്പിലാണ് പുരോഗമിക്കുന്നത്, പരീക്ഷണത്തിനായി ക്ലൗഡ് കോറിന്റെ എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്‌വര്‍ക്ക് ആണ് പ്രയോജനപ്പെടുത്തുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ഇത് പുതിയ തലമുറയിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക് ആണെന്നും അവര്‍ അറിയിച്ചു. വളരെ കുറഞ്ഞ ലേറ്റന്‍സിയുള്ള മില്ലിമീറ്റര്‍ വേവ് (എംഎംവേവ്) സ്‌പെക്ട്രത്തില്‍ നടത്തിയ ടെസ്റ്റില്‍ ഡൗണ്‍ലോഡ് സ്പീഡ് 3.7 ജിബിപിഎസ് കടന്നു എന്നാണ് കമ്പനി പറയുന്നത്. ഇത് ഇന്ത്യയിലെ 5ജി സ്പീഡില്‍ പുതിയ റെക്കോഡാണ്.

ജിയോയുടെയും എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും 5ജി പരീക്ഷണങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഡോട്ട് അംഗീകാരം നല്‍കിയത് ഈ വര്‍ഷം മേയിലാണ്. എംടിഎന്‍എലിന് പിന്നീടാണ് നല്‍കിയത്. ആറു മാസത്തേക്കാണ് പരീക്ഷണം നടത്താനുള്ള അംഗീകാരം. ഇതിനായി 5ജി ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയത്.