Home അറിവ് വാ‌‌ട്സ്ആപ്പിൽ ചാറ്റ് ബാക്കപ്പുകൾക്കും പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

വാ‌‌ട്സ്ആപ്പിൽ ചാറ്റ് ബാക്കപ്പുകൾക്കും പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

ചാറ്റ്​ ബാക്കപ്പുകൾക്ക്​ എൻഡ്​-ടു-എൻഡ്​ എൻക്രിപ്​ഷൻറെ സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഐ.ഒ.എസ്, ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത്​ വേഗത്തിലാകും.

കഴിഞ്ഞ മാസം ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച്​ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു. വാട്​സ്​ആപ്പ്​ സന്ദേശങ്ങൾ നിലവിൽ എൻഡ്​-ടു-എൻഡ്​ എൻക്രിപ്​റ്റഡ്​ ആണ്. അതായത്, സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ അത്​ കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്​​. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലല്ലാതെ വാട്​സ്​ആപ്പിൻറെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല.

എന്നാൽ, ചാറ്റ്​ ക്ലൗഡിലേക്ക്​ അപ്​ലോഡ്​ ചെയ്യുമ്പോൾ അവ എൻക്രിപ്​റ്റഡായിരിക്കില്ല. അതായത്, വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലാണ്​. വാട്സ്ആപ്പ് ബാക്കപ്പുകൾ ക്ലൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത. പാസ്​വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക്​ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇതോടെ വാട്​സ്​ആപ്പ്​ ബാക്കപ്പുകൾ നിങ്ങൾക്ക്​ മാത്രമാകും കൈകാര്യം ചെയ്യാനാകുക.

എൻക്രിപ്​ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ്​ അൺലോക്ക്​ ചെയ്യാൻ സാധിക്കില്ല. വാട്സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ചാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാം.