ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളിലൊന്നായ മലേറിയക്കായി കണ്ടുപിടിച്ച വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. 1987ൽ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്‌സോ, മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച മോസ്‌ക്വിരിക്‌സ് വാക്സിനാണ് കുട്ടികളിൽ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തത്. പ്രത്യേകിച്ച് മലേറിയ മൂലം കുട്ടികൾ കൂടുതലായി മരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കാനും ലോകാരോഗ്യസംഘടന നിർദേശം നൽകി.
ലോകാരോഗ്യസംഘടനയുടെ വാക്‌സിൻ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച
മോസ്‌ക്വിരിക്‌സ് വ്യാപകമായി ഉപയോഗിക്കാൻ തീരുമാനിച്ചത്. ചരിത്രനിമിഷമെന്നാണ് അംഗീകാരത്തോട് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചത്.
ആഫ്രിക്കയിൽ കുട്ടികൾക്കിടയിൽ വ്യാപകമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എട്ടുലക്ഷത്തിലധികം കുട്ടികളെയാണ് പഠനവിധേയമാക്കിയത്. മോസ്‌ക്വിരിക്‌സിന് 30 ശതമാനമാണ് ഫലപ്രാപ്തി. നാലു ഡോസ് വരെ നൽകണം. മാസങ്ങൾ കഴിയുമ്പോൾ തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നത് കണ്ടുവരുന്നുണ്ട്. അതിനാലാണ് നാലു ഡോസ് നിർദേശിക്കുന്നത്.
ലോകത്ത് പ്രതിവർഷം ശരാശരി 20 കോടി പേർക്കാണ് മലേറിയ ബാധിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. നാലുലക്ഷം പേരാണ് അസുഖം ബാധിച്ച് വർഷംതോറും മരിക്കുന്നത്. വാക്‌സിൻ ആരോഗ്യമേഖലയിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ പറയുന്നു,.







