Home അറിവ് കോവിഷീൽഡ് ഇടവേള 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കോവിഷീൽഡ് ഇടവേള 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് വിധി. കോവിഷീൽഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

താത്പര്യമുള്ളവർക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. കിറ്റെക്‌സ് കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.

സർക്കാർ നൽകുന്ന സൗജന്യവാക്‌സിന് ഇളവ് ബാധകമല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകൾ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്‌സിൻ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വിദേശത്തു പോവുന്നവർക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്നും സർക്കാർ വിശദികരിച്ചു.

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ ചിലവിൽ കോവിഷീൽഡ് വാക്‌സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നാണ് ഹർജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.