Home ആരോഗ്യം ഒമൈക്രോൺ വാക്‌സിൻ നൂറ് ദിവസത്തിനകം; എല്ലാ വർഷവും വാക്‌സിൻ എടുക്കണമെന്ന് ഫൈസർ

ഒമൈക്രോൺ വാക്‌സിൻ നൂറ് ദിവസത്തിനകം; എല്ലാ വർഷവും വാക്‌സിൻ എടുക്കണമെന്ന് ഫൈസർ

കോവിഡിന്റെ പുതിയ വകഭേദമായി ഒമിക്രോണിനെതിരെ പ്രതിരോധം തീർക്കാൻ എല്ലാ വർഷവും വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് പ്രമുഖ അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. അടുത്ത രണ്ടുവർഷം ലക്ഷ്യമിട്ട് 11.4 കോടി ഡോസ് വാക്‌സിൻ ബ്രിട്ടൻ സംഭരിച്ചു കഴിഞ്ഞെന്നും വരും വർഷങ്ങളിലും വാക്‌സിൻ നൽകേണ്ടി വരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകളാണ് ബ്രിട്ടൻ സംഭരിച്ചതെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൂർള പറഞ്ഞു.

കോവിഡിനെതിരെ ഉയർന്ന തോതിലുള്ള സംരക്ഷണം ഉറപ്പാക്കാൻ വർഷംതോറും വാക്‌സിൻ എടുക്കേണ്ടതായിട്ടുണ്ട്. ലോകത്തിന് ഭീഷണിയായ ഒമൈക്രോൺ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ നിർമ്മിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നൂറ് ദിവസത്തിനകം പരിഷ്‌കരിച്ച വാക്‌സിൻ ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരി കാലത്ത് ലക്ഷകണക്കിന് ആളുകളെയാണ് വാക്‌സിൻ രക്ഷിച്ചത്. വാക്‌സിൻ ഇല്ലെങ്കിൽ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. ഈ വർഷം അവസാനത്തോടെ 300 കോടി ഡോസ് റൈബോന്യൂക്ലിക്ക് ആസിഡ് വാക്‌സിൻ വിതരണത്തിന് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആൽബർട്ട് ബൂർളയുടെ പ്രതികരണം