പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചു. ഒരു രാജ്യം ഒരു കാർഡ് എന്ന ആശയത്തിലാണ് പേടിഎം പുതിയ ഉത്പന്നം ഇറക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു കാർഡ് നിത്യാവശ്യങ്ങൾക്കായി മെട്രോ, റയിൽ, ബസ്, തുടങ്ങിയ യാത്രാ മാർഗങ്ങൾക്കും ടോൾ-പാർക്കിങ് ചാർജ് നൽകുന്നതിനും ഉപയോഗിക്കാൻ സാധിക്കും എന്നാണ് പേടിഎം അവകാശവാദം.
വ്യാപാര സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കും ഓൺലൈൻ ഷോപ്പിങിനും മറ്റ് അനേക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കാനും കാർഡ് ഉപയോഗിക്കാൻ കഴിയും. ഇന്ത്യക്കാർക്ക് തടസമില്ലാതെ ബാങ്കിങും മറ്റ് ഇടപാടുകളും നടത്തുന്നതിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രാൻസിറ്റ് കാർഡിന്റെ അവതരണമെന്ന് പേടിഎം പറയുന്നു.
കാർഡിന് അപേക്ഷിക്കാനും റീചാർജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റൽ സംവിധാനം പേടിഎം ആപ്പിൽ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കാർഡ് വീടുകളിലെത്തും അല്ലെങ്കിൽ ആവശ്യമായ ഇടത്തെ സെയിൽസ് പോയിന്റിൽ നിന്നും കളക്റ്റ് ചെയ്യാം. പ്രീപെയ്ഡ് കാർഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കൾക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാൻസിറ്റ് കാർഡ് ഉപയോഗിക്കാം. പ്രത്യേക അക്കൗണ്ട് ഒന്നും സൃഷ്ടിക്കേണ്ട.
ഒരേ ട്രാൻസിറ്റ് കാർഡ് തന്നെ ഇന്ത്യയിലെ ഏത് മെട്രോയിലും ഉപയോഗിക്കാം. പേടിഎം ട്രാൻസിറ്റ് കാർഡിന്റെ അവതരണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് ഏത് തരത്തിലുള്ള യാത്രയ്ക്കും ബാങ്കിങ് ഇടപാടുകൾക്കും ഉപയോഗപ്രദമാണെന്നും ദേശീയ പൊതുയാത്രാ കാർഡിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ ഡിജിറ്റൽവൽക്കരണത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.