Home അറിവ് ഫലം കുറവ്; കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന

ഫലം കുറവ്; കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. പ്ലാസ്മ ചികിത്സ കൊണ്ട് പറയത്തക മെച്ചമില്ലെന്നാണ് ഡബ്യുഎച്ച്ഒ പറയുന്നത്. ഇത് രോഗികളുടെ അതിജീവന ശേഷി ഉയര്‍ത്തുമെന്നോ വെന്റിലേറ്ററുകളുടെ ആവശ്യം കുറയ്ക്കുമെന്നോ കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്‌നുകളാണ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്നത്.

രോഗമുക്തരുടെ ശരീരത്തില്‍ നിന്നെടുക്കുന്ന ആന്റിബോഡികള്‍ കോവിഡ് രോഗികളുടെ ശരീരത്തിലെ കൊറോണ വൈറസിനെ നിര്‍ജ്ജീവമാക്കുമെന്നും അവ പെരുകുന്നത് തടയുമെന്നും അത് വഴി ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ ചെലവ് കൂടിയതും ദീര്‍ഘനേരം എടുക്കുന്നതുമായ ഈ ചികിത്സക്ക് പറയത്തക്ക ഫലം ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

തീവ്ര കോവിഡ് രോഗികള്‍ അല്ലാത്തവരില്‍ പ്ലാസ്മ തെറാപ്പി ഉപയോഗിക്കരുതെന്ന് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ പാനല്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. 16,236 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിര്‍ദ്ദേശം.