Home ആരോഗ്യം എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു.

എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു.

എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവരെ രോഗം ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ പറയുന്നു. ഇപ്പോഴും പ്രതിവര്‍ഷം നാല് ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നുണ്ട്. എച്ച്.ഐ.വി എന്ന മാരക വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്. പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്.ഐ.വിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ. അതുവഴി വര്‍ഷങ്ങള്‍ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത. ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ് ആന്റി റെട്രോവൈറല്‍ മരുന്ന് ലഭ്യമാകുന്നത് തന്നെ. ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് കാറ്റ്സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കമാല്‍ ഖാലിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് എച്ച്.ഐ.വി ചികിത്സയില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തിയിരിക്കുന്നത്. പരീക്ഷണം നടത്തിയ എലികളില്‍ എച്ച്.ഐ.വി ബാധയുണ്ടായിരുന്ന 30 ശതമാനം എലികളേയും 100 ശതമാനം രോഗത്തില്‍ നിന്നും മുക്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇത് വൈകാതെ മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്