Home വാണിജ്യം ഒടിടി പ്ലാറ്റ്‌ഫോമില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് എയര്‍ടെല്‍

ഒടിടി പ്ലാറ്റ്‌ഫോമില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് എയര്‍ടെല്‍

ടിടി രംഗത്തെ പുതിയ മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ് എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം എന്ന സൂപ്പര്‍ആപ് എന്ന് എയര്‍ടെല്‍ ഡിജിറ്റല്‍ മേധാവി. ഒടിടി പ്ലാറ്റ്‌ഫോമിനായി സാങ്കേതിക വിദ്യ ഒരുക്കുക, ഉള്ളടക്കം സമാഹരിക്കുക, വിതരണച്ചെലവും മാര്‍ഗങ്ങളും കണ്ടെത്തുക തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങള്‍ ഓരോ ഒടിടി ദാതാവും ഏറ്റെടുക്കുന്ന സ്ഥിതിക്കു പകരം, പല പല ഒടിടി ഉള്ളടക്കങ്ങള്‍ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം വഴി ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുന്നു.

ഇപ്പോള്‍ 15 ഒടിടികളാണ് ഈ പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ഒടിടികളുടെ വളര്‍ച്ച ഇംഗ്ലിഷിനെ കവച്ചുവയ്ക്കുന്നതാണെന്നും എക്‌സ്ട്രീം പ്രീമിയം ഈ ട്രെന്‍ഡ് അനുസരിച്ചാണു തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍നിന്ന് മനോരമ മാക്‌സ് ആണ് ഉള്‍പ്പെടുത്തിരിക്കുന്നത്.

ഓരോ ഒടിടിയും കാണാന്‍ പ്രത്യേകം പ്രത്യേകം ആപ് ഡൗണ്‍ലോഡും ഓരോന്നിനും പണമടയ്ക്കാന്‍ ഓരോ രീതിയുമൊക്കെയായി പേക്ഷകര്‍ നേരിടുന്ന അസൗകര്യം ഒഴിവാകാനും എയര്‍ടെലിന്റെ ‘ഓമ്‌നി ചാനല്‍’ ആപ്പിനു കഴിയും. ഈ ആപ് മാത്രം സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഇതിലുള്ള എല്ലാ ഒടിടികളിലെയും കണ്ടന്റ് ഉപയോഗിക്കാനാകും. മൊബൈല്‍, ടാബ്, ലാപ്‌ടോപ്, ടിവി എന്നിങ്ങനെ എല്ലാ ഉപകരണങ്ങളിലും ആ ആപ് പ്രവര്‍ത്തിക്കുകയും ചെയ്യും.

വര്‍ഷം 200 പുതിയ കണ്ടെന്റ് എങ്കിലും ഉള്‍പ്പെടുത്തും. ഉയര്‍ന്ന നിലവാരമുള്ള കണ്ടെന്റിനാണ് എക്‌സ്ട്രീം പ്രീമിയം അവസരം നല്‍കുന്നത്. കണ്ടെന്റ് യൂട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സമാഹരിക്കാനുള്ള ബുദ്ധിമുട്ട്, എല്ലാ ഉള്ളടക്കത്തിനും നിലവാരം ഉറപ്പാക്കുന്ന കാര്യത്തിലാണ്.

ഏതെങ്കിലും ഒടിടി, സിനിമ പ്രീമിയര്‍ ചെയ്യുന്നതുപോലെയുള്ള പ്രത്യേക അവസരങ്ങളില്‍ പ്രത്യേക ഫീസ് നല്‍കി അത് കാണാനും എക്‌സ്ട്രീം പ്രീമിയത്തില്‍ അവസരമുണ്ട്. എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് ചില പ്രത്യേക പായ്ക്കുകളില്‍ എക്‌സ്ട്രീം പ്രീമിയം പരിമിത തോതില്‍ ലഭ്യമാകുമെന്ന് ആദര്‍ശ് നായര്‍ പറഞ്ഞു.

5ജിയുടെ വരവ് ഒടിടി സേവനങ്ങളുടെ നിലവാരം ഇപ്പോഴത്തെക്കാള്‍ ഉയര്‍ത്തുമെന്ന് ആദര്‍ശ് നായര്‍ പറഞ്ഞു. ലൈവ് സ്ട്രീമിങ്, എആര്‍, വിആര്‍ എന്നിങ്ങനെ കണ്ടന്റ് പരമാവധി ആസ്വാദ്യകരമാകുന്നതിന് 5ജി വഴിയൊരുക്കും.

ടെലികോം കമ്പനികള്‍ പലതരം ഡിജിറ്റല്‍ സേവനങ്ങളുടെ ഹബ് ആയി മാറുന്നതിന്റെ ഭാഗമാണ് എയര്‍ടെലിന്റെയും ഡിജിറ്റല്‍ ഊന്നല്‍. ക്ലൗഡ് കംപ്യൂട്ടിങ്, പരസ്യം (ആഡ് ടെക്) എന്നിങ്ങനെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന ഡിജിറ്റല്‍ കമ്പനി എന്നതാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ വിശദീകരിക്കുന്നത്.

നിലവില്‍ ഇത്തരം ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം മൊബൈല്‍ ടെലികോം സേവനത്തില്‍ നിന്നുള്ളതിന്റെ പരിസരത്തുപോലും വരില്ലെങ്കിലും ഇനിയുള്ള കാലം, ‘എല്ലാം ഒരു ഡിജിറ്റല്‍ കുടക്കീഴില്‍ ലഭിക്കുന്ന’തായിരിക്കുമെന്നാണു വിലയിരുത്തല്‍. ടെലികോം കമ്പനികളില്‍ ഗൂഗിള്‍ വന്‍ നിക്ഷേപം നടത്തുന്നത് ഇതിന്റെ സൂചന.

എയര്‍ടെല്‍ ഡിജിറ്റല്‍ ആണ് എയര്‍ടെല്‍ ഇതിനായി രൂപവല്‍ക്കരിച്ച പ്രത്യേക വിഭാഗം. മലയാളിയായ ആദര്‍ശ് നായര്‍ നയിക്കുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഒടിടി അഗ്രിഗേറ്റര്‍ ആപ്. വീടുകളില്‍ ഫൈബര്‍ വഴി അതിവേഗ ഡേറ്റ കണക്ടിവിറ്റി എത്തിക്കുന്ന ഫൈബര്‍ ടു ഹോമും ഇതിന്റെ ഭാഗം. എല്ലാ സേവനങ്ങള്‍ക്കുമുള്ള പണമടയ്ക്കല്‍ ഒറ്റ ക്ലിക്കില്‍ അനായാസം സാധ്യമാക്കുക എന്നതും ഉപഭോക്തൃ സംതൃപ്തിക്കു വളരെ പ്രധാനമാണെന്ന് ആദര്‍ശ്‌നായര്‍ പറഞ്ഞു.