Home ആരോഗ്യം ടോയ്‌ലെറ്റ് സീറ്റില്‍ നിന്ന് യൂറിനറി ഇന്‍ഫക്ഷന്‍?; മൂത്രാശയ അണുബാധ; ശ്രദ്ധിക്കേണ്ടത്

ടോയ്‌ലെറ്റ് സീറ്റില്‍ നിന്ന് യൂറിനറി ഇന്‍ഫക്ഷന്‍?; മൂത്രാശയ അണുബാധ; ശ്രദ്ധിക്കേണ്ടത്

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രാശയ അണുബാധ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ.

കുടലില്‍ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാല്‍, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തില്‍ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. മിക്ക സ്ത്രീകളും ടോയ്ലറ്റ് സീറ്റുകളില്‍ നിന്ന് യുടിഐ പിടിപെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്.

പ്രത്യേകിച്ചും അവര്‍ പബ്ലിക്ക് ടോയ്ലറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍. ടോയ്ലറ്റ് സീറ്റില്‍ നിന്ന് യൂറിനറി ഇന്‍ഫെക്ഷന്‍ പിടിപെടുമോ? ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുമ്പോള്‍ യോനിയുമായി യഥാര്‍ത്ഥത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.

മൂത്രമൊഴിച്ചതിന് ശേഷം ചിലര്‍ പുറകില്‍ നിന്ന് മുന്‍വശത്തേക്ക് തുടയ്ക്കുകയും അത് ബാക്ടീരിയയെ പീ ഹോളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് യുടിഐ അണുബാധ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മൂത്രമൊഴിച്ചതിന് ശേഷം മുന്നില്‍ നിന്ന് പിന്നിലേക്ക് വേണം തുടയ്‌ക്കേണ്ടത്.

ആവശ്യത്തിന് വെള്ളം കുടിക്കുകയും ഇടയ്ക്കിടെ മൂത്രം ഒഴിക്കുകയും ചെയ്യുന്നത് യുടിഐയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നിര്‍ജ്ജലീകരണവും മൂത്രം പിടിച്ച് വയ്ക്കുന്നത് മറ്റെന്തിനെക്കാളും യുടിഐ ബാധിക്കാനുള്ള രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണ്.

ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഇതിന്റെ അളവ് കൂട്ടണം. ശരീരത്തില്‍ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകള്‍ കുടിക്കുന്നതും നല്ലതാണ്. മദ്യം, കാര്‍ബോനേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കാം. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കളെ കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ.