Home വാണിജ്യം കുറഞ്ഞ ജിഎസ്ടി സ്ലാബ് എട്ടാക്കി ഉയര്‍ത്തിയേക്കും; റിപ്പോര്‍ട്ട്

കുറഞ്ഞ ജിഎസ്ടി സ്ലാബ് എട്ടാക്കി ഉയര്‍ത്തിയേക്കും; റിപ്പോര്‍ട്ട്

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ കുറഞ്ഞ നികുതി സ്ലാബ് അഞ്ച് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നികുതി സ്ലാബ് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവില്‍ നാലു നികുതി സ്ലാബാണ് ഉള്ളത്. 5,12,18,28 എന്നിങ്ങനെയാണ് നികുതി നിരക്ക്. അവശ്യസാധനങ്ങളെ നികുതി നിരക്കില്‍ നിന്ന് ഒഴിവാക്കുകയോ, ഏറ്റവും കുറഞ്ഞ നികുതി സ്ലാബായ അഞ്ചുശതമാനത്തില്‍ ഉള്‍പ്പെടുത്തുകയോ ആണ് ചെയ്തിരിക്കുന്നത്. നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഈ മാസം അവസാനത്തോടെ സംസ്ഥാന ധനമന്ത്രിമാരുടെ സമിതി കൗണ്‍സില്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി പരിഷ്‌കരണം നടപ്പായാല്‍ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നേക്കും.

ആഡംബര വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളും 28 ശതമാനം സ്ലാബിലാണ് ഉള്‍പ്പെടുന്നത്. ഇതിന് പുറമേ ചില വസ്തുക്കളിന്മേല്‍ സെസും ചുമത്തിയിട്ടുണ്ട്.വരുമാനം നഷ്ടം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്റെ ഭാഗമായാണ് സെസ് ഈടാക്കുന്നത്.

കുറഞ്ഞ നികുതി സ്ലാബ് അഞ്ചില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയാല്‍ 1.50 ലക്ഷം കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് മന്ത്രിതല സമിതിയുടെ പ്രതീക്ഷ. ഇത് ഉപയോഗിച്ച് വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.