Home അറിവ് 40 വര്‍ഷത്തെ കുറഞ്ഞ നിരക്ക്; ഇപിഎഫ് പലിശ വെട്ടിക്കുറച്ചു

40 വര്‍ഷത്തെ കുറഞ്ഞ നിരക്ക്; ഇപിഎഫ് പലിശ വെട്ടിക്കുറച്ചു

എംപ്ലോയീസ് പ്രോവിഡന്റ് (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു. 2021-22 വര്‍ഷത്തില്‍ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 8.1 ശതമാനം ആക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നാല്‍പ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആണിത്. രാജ്യത്തെ ആറു കോടിയോളം ശമ്പളക്കാരെ നേരിട്ടു ബാധിക്കുന്നതാണ് തീരുമാനം. 1977-78ലെ എട്ടു ശതമാനം പലിശയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്.

ശനിയാഴ്ച നടന്ന യോഗത്തിലാണ് പലിശ നിരക്കു വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇപിഎഫ്ഒ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മാര്‍ച്ചില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റീസ് യോഗത്തിലാണ് 2020-21 വര്‍ഷത്തിലേക്ക് 8.5 പലിശ നിരക്കു തീരുമാനിച്ചത്. ഒക്ടോബറില്‍ ഇത് കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. പുതിയ നിരക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനു ശേഷമേ നിലവില്‍ വരൂ.