Home അറിവ് കാറിൽ കൂളിങ് ആകാം, പക്ഷേ പരിധി 70:50

കാറിൽ കൂളിങ് ആകാം, പക്ഷേ പരിധി 70:50

വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം അഥവ പ്ലാസ്റ്റിക് ലെയർ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്ന് റിപ്പോർട്ട്. 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം 2020-ലെ ഏഴാം ഭേദഗതി പ്രകാരമാണ് സൺ കൺട്രോൾ ഫിലിം വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.

എല്ലാ വാഹനങ്ങളുടെയും വിൻഡ് സ്ക്രീൻ, റിയർ ഗ്ലാസ്, എന്നിവയ്ക്ക് കൂളിങ്ങ് പതിക്കുമ്പോൾ 70 ശതമാനത്തിൽ കുറയാത്ത കാഴ്ച ഉറപ്പാക്കണമെന്നാണ് ഭേദഗതിയിൽ പറയുന്നത്. വശങ്ങളിലെ ഗ്ലാസിൽ 50 ശതമാനം കാഴ്ച നൽകുന്ന കൂളിങ്ങോ, ഉള്ളിൽ പ്ലാസ്റ്റിക് ലെയറുള്ള ടഫന്റഡ് ഗ്ലാസോ, ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്.

ഇതേതുടർന്ന് വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമ ഭേദഗതി സംബന്ധിച്ച് മാർഗനിർദേശം നൽകേണ്ടതുണ്ട്.നിയമ ഭേദഗതി അനുസരിച്ച് അനുവദനീയ അളവിൽ കൂളിങ്ങ് ഫിലിമുകൾ പതിപ്പിക്കുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താൻ സാധിക്കില്ല. ഭേദഗതി അനുസരിച്ച് മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ളതും വശങ്ങളിൽ 50 ശതമാനം ദൃശ്യതയുള്ളതുമായ സൺ ഫിലുമുകൾ അനുവദിക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഐക്യരാഷ്ട്ര സഭയുടെ ഗ്ലോബൽ ടെക്നിക്കൽ റെഗുലേഷൻ 2008 മാർച്ചിൽ അംഗീകരിച്ച പ്രമേയം അനുസരിച്ച മോട്ടോർ വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകളിൽ ഗ്ലേസിങ്ങ് മെറ്റീരിയലായി പ്ലാസ്റ്റിക് പാളികളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഈ പ്രമേയത്തിൽ ഇന്ത്യയും പങ്കാളികളായതിനാലാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമത്തിലും തത്തുല്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.